ബെംഗളൂരു: കൊറോണ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് സെറം ഇൻസ്റ്റിറ്റിയൂട്ട് കേന്ദ്ര സർക്കാരുമായി നിർണായക കരാറിലെത്തിയേക്കും. ഒരു ഡോസിന് 250 രൂപ നിരക്കിൽ വാക്‌സിൻ ലഭ്യമാക്കാനാണ് സർക്കാർ നീക്കം. ഇതിനോട് അനുകൂല നിലപാടാണ് കമ്പനിയും സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യയിൽ കൊവിഷീൽഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്.

എന്നാൽ എത്ര ഡോസ് വാക്‌സിൻ ഇന്ത്യയിൽ ലഭ്യമാക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മറ്റ് രാജ്യങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിന് മുൻപ് ഇന്ത്യയിൽ വിതരണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സെറം ഇൻസ്റ്റിറ്റിയൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദാർ പൂനവാലയും പറഞ്ഞിരുന്നു. ജനുവരി- ഫെബ്രുവരി മാസങ്ങളോടെ 60 മില്ല്യൺ ഡോസുകൾ ഇന്ത്യയിൽ ലഭ്യമാക്കാനാണ് കമ്പനിയുടെ നീക്കം.

മാർച്ച് ഏപ്രിൽ മാസത്തോടെ സ്വകാര്യ വിപണിയിലും വാക്‌സിൻ എത്തിക്കാനാണ് സെറം ഇൻസ്റ്റിറ്റിയൂട്ട് നീക്കം നടത്തുന്നത്. എന്നാൽ ഇവിടെ 500 മുതൽ 600 രൂപവരെയാകും ഒരു ഡോസിന്റെ വില.
സെറം ഇൻസ്റ്റിറ്റിയൂട്ടും ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രാസെനേകയും സംയുക്തമായാണ് കൊവീഷീൽഡ് വാക്‌സിൻ പുറത്തിറക്കുന്നത്. ഇതിനോടകം 4കോടി ഡോസ് വാക്‌സിൻ തയ്യാറാക്കികഴിഞ്ഞു എന്നാണ് ഐ.സി.എം.ആർ നൽകുന്ന വിവരം. അതിനിടെ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനായി ആസ്ട്രാസെനക കഴിഞ്ഞ ദിവസം ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചിരുന്നു.