കൊച്ചി: സിസ്റ്റർ അഭയ കേസിലെ പ്രതികളായ ഫാ.തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ ക്രിസ്മസ് അവധിക്ക് ശേഷം അപ്പീൽ നൽകും. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. അപ്പീൽ തീർപ്പാക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും പ്രതികൾ ആവശ്യപ്പെടും. രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ ചോദ്യം ചെയ്യാനാണ് പ്രതികളുടെ തീരുമാനം. മാത്രമല്ല അടയ്ക്കാ രാജു വർഷങ്ങൾ ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹർജിയിൽ ഉന്നയിക്കും. കൊലക്കുറ്റത്തിൽ പ്രതികൾക്ക് പങ്കില്ലെന്നും സിബിഐ പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ.രാമൻപിള്ള മുഖേനയാകും അപ്പീൽ നൽകുക.
