തിരുവനന്തപുരം: അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും ഊബർ ടാക്‌സിയിലൂടെ സൗജന്യ യാത്രയ്ക്ക് അനുമതി. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിൽ നിശ്ചയിക്കപ്പെടുന്ന പോയിന്റുകളിൽ വിവിധ സൈക്കോളജിക്കൽ, മെഡിക്കൽ, ലീഗൽ ആവശ്യങ്ങൾക്കും റെസ്‌ക്യൂ നടത്തുന്നതിനുമാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

ഊബർ ടാക്‌സിയുടെ സി എസ് ആർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗജന്യ യാത്ര നടപ്പിലാക്കുന്നത്. വനിത ശിശു വികസന വകുപ്പ്, പോലീസ് വകുപ്പ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ട്രിപ്പുകൾ അനുവദിക്കുക.
