പട്ന : ചൈനയിലെ ഹാങ്സുവിലേതു പോലെ ഒരു ചില്ലു പാലം ഇങ്ങ് ഇന്ത്യയിൽ കാണാൻ കഴിഞ്ഞാലോ , എന്നാൽ അത്തരമൊരു കാഴ്ച്ച ഒരുക്കുകയാണ് ബീഹാറിലെ അഞ്ഞൂറ് ഏക്കർ വനപ്രദേശത്ത് .

നളന്ദ ജില്ലയിലെ രാജ്ഗിർ സമീപമാണ് പാലം നിർമ്മിക്കുന്നത് . ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം ചില്ലു പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ നളന്ദ സന്ദർശിച്ചു. അപ്പോഴാണ് അറുപതു കോടി രൂപ മുടക്കി തയാറാക്കുന്ന പാലത്തിന്റെ സൗന്ദര്യം പുറത്തറിഞ്ഞത്.

2021 മാർച്ചിൽ പ്രവർത്തനം ആരംഭിക്കാനാകും വിധത്തിലാണ് പാലത്തിന്റെ നിർമ്മാണം മുന്നോട്ട് പോകുന്നത്.ഗൗതമബുദ്ധനു ബോധോദയമുണ്ടായ ഗയയ്ക്കും പ്രശസ്തമായ രാജ്ഗിർ വനമേഖലയ്ക്കും സമീപത്ത് ‘അഞ്ച് കുന്നുകളുടെ’ സമീപത്താണ് പാലം നിർമ്മിക്കുന്നത് . വനം, ആയുർവേദം എന്നിവ പദ്ധതിയുമായി കോർത്തിണക്കിയിട്ടുണ്ട് .
കാടിന്റെയും ,പർവ്വതങ്ങളുടെയും സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്കായി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഇവിടെ ഒരുക്കും . എൺപത്തഞ്ച് അടിയാണു ചില്ലു പാലത്തിന്റെ നീളം. ആറടി വീതി. സ്റ്റീൽ, സ്ഫടികം എന്നിവ ഉപയോഗിച്ചാണ് നിർമാണം. ഒരേസമയം നാൽപതു പേർക്കു കയറി നിൽക്കാം. ബീഹാറിലെ ആദ്യത്തെയും , രാജ്യത്തെ രണ്ടാമത്തെയും ഗ്ലാസ് പാലമാണിത് .