ഗുരുഗ്രാം: ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി അതിക്രമം. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ബാലാജി ആശുപത്രിയുടെ മെഡിക്കൽ ഫാർമസിയിലേക്കാണ് പിക്കപ്പ് വാൻ നിരവധി തവണ ഇടിച്ചു കയറ്റിയത്.

മെഡിക്കൽ സ്റ്റോറിൽ നിന്നും ആളുകൾ ഓടി രക്ഷപെട്ടതിനാൽ ആർക്കും പരിക്കേറ്റില്ല. 15 വാഹനങ്ങൾക്ക് കേടുപാട് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് രോഗികളുടെ ബന്ധുക്കൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

ബാലാജി ആശുപത്രി ഡയറക്ടറുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എട്ട് തവണ വാഹനം ഫാർമസിയിലേക്ക് ഇടിച്ചുകയറ്റിയെന്ന് ഡയറക്ടർ ഡോ. ബൽവാൻ സിംഗ് പറയുന്നു. ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.