ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ വിമാനത്തിന് േവ്യാമ മേഖലയിലൂടെ പറക്കാൻ അനുമതി നൽകി ഇന്ത്യ. ചൊവ്വാഴ്ചയാണ് അദ്ദേഹം ശ്രീലങ്കയിലേക്ക് പോകുന്നത്.

അതേസമയം, കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2019ലെ യു.എസ്, സൗദി അറേബ്യ യാത്രകളിൽ വ്യോമ മേഖല ഉപയോഗിക്കാൻ പാകിസ്ഥാൻ അനുമതി നിഷേധിച്ചിരുന്നു. വി.വി.ഐ.പി വിമാനത്തിന് അനുമതി നിഷേധിച്ചത് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിൽ ഇന്ത്യ ചോദ്യം ചെയ്തിരുന്നു.

രണ്ട് ദിവസത്തെ യാത്രക്കാണ് ഇമ്രാൻ ഖാൻ ശ്രീലങ്കയിലേക്ക് പോകുന്നത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് അദ്ദേഹത്തിന്‍റെ ലങ്ക സന്ദർശനം. പ്രസിഡന്‍റ് ഗോതബയ രാജപക്സെ, പ്രധാനമന്ത്രി മഹീന്ദ രാജപക്സെ, വിദേശകാര്യ മന്ത്രി ദിനേശ് ഗുണവർധന എന്നിവരുമായി ചർച്ച നടത്തും.
നേരത്തെ പാകിസ്ഥാൻ സർക്കാറിന്‍റെ അഭ്യർഥന മാനിച്ച് ലങ്കൻ പാർലമെന്‍റിൽ ഇമ്രാൻ ഖാന്‍റെ പ്രസംഗം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയുമായി തർക്കം വരുമെന്ന ആശങ്കയാണ് പാർലമെന്‍റിലെ പ്രസംഗം ഒഴിവാക്കിയതിന് പിന്നിലെന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.