ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 294 റൺസിനാണ് ഓസ്ട്രേലിയ ഓൾ ഔട്ടായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് അഞ്ചുവിക്കറ്റ് നേടി. ശർദ്ദുൽ താക്കൂർ നാല് വിക്കറ്റ് വീഴ്ത്തി. 55 റൺസ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ.

നാലാം ദിനത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 21 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയെ ഓപ്പണർമാരായ ഡേവിഡ് വാർണറും മാർക്കസ് ഹാരിസും ചേർന്ന് അനായാസം നയിച്ചു. 89 റൺസിൻ്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ഹാരിസിനെ (38) പന്തിൻ്റെ കൈകളിലെത്തിച്ച ശർദ്ദുൽ താക്കൂർ ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. ഉടൻ തന്നെ വാർണർ (48) വാഷിംഗ്‌ടൺ സുന്ദറിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.

വേഗത്തിൽ സ്കോർ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലബുഷാനെയും സ്മിത്തും ക്രീസിലെത്തിയത്. തുടർ ബൗണ്ടറികളുമായി അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. എന്നാൽ, ഒരു ഓവറിൽ ലബുഷാനെയെയും (25), മാത്യു വെയ്ഡിനെയും (0) പുറത്താക്കിയ സിറാജ് ഇന്ത്യയെ മത്സരത്തിൽ തിരികെ എത്തിച്ചു. ലബുഷാനെയെ രോഹിത് പിടികൂടിയപ്പോൾ വെയ്ഡ് പന്തിൻ്റെ കൈകളിൽ അവസാനിച്ചു.
അഞ്ചാം വിക്കറ്റിൽ കാമറൂൺ ഗ്രീൻ-സ്റ്റീവ് സ്മിത്ത് സഖ്യം ക്രീസിൽ ഉറച്ചു. വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനിന്നതിനു പിന്നാലെ ഇരുവരും ആക്രമിച്ചുകളിക്കാൻ തുടങ്ങി. ഇതിനിടെ സ്മിത്ത് ഫിഫ്റ്റി തികച്ചു. 55 റൺസെടുത്ത സ്മിത്തിനെ രഹാനെയുടെ കൈകളിൽ എത്തിച്ച മുഹമ്മദ് സിറാജ് ആണ് 73 റൺസിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് തകർത്തത്. പിന്നീട് കൃത്യമായ ഇടവേളകളിൽ ഓസ്ട്രേലിയക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു.
കാമറൂൺ ഗ്രീൻ (37) ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ രോഹിതിൻ്റെ കൈകളിൽ ഒതുങ്ങിയപ്പോൾ ടിം പെയ്നെ (27) ശർദ്ദുലിൻ്റെ പന്തിൽ പന്ത് പിടികൂടി. സ്റ്റാർക്ക് (1) സിറാജിൻ്റെ പന്തിൽ സെയ്നിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ലിയോണിനെ (13) ശർദ്ദുലിൻ്റെ പന്തിൽ മായങ്ക് അഗർവാൾ പിടികൂടി. ഹേസൽവുഡിനെ (9) ശർദ്ദുലിൻ്റെ കൈകളിൽ എത്തിച്ച സിറാജ് അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. സിറാജിൻ്റെ കരിയറിൽ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇത്. കമ്മിൻസ് (28) പുറത്താവാതെ നിന്നു.