ന്യൂഡൽഹി: ഈ വർഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയുണ്ടാകില്ല. ഇക്കാര്യം കേന്ദ്രസർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.

നിരവധി രാജ്യങ്ങളിൽ ഇപ്പോഴും കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് അനുരാഗ് ശ്രീവാസ്തവ ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. എന്നാൽ ബ്രിട്ടനിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ അദ്ദേഹം സന്ദർശനത്തിൽ നിന്നും പിന്മാറുകയായിരുന്നു.

പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യയിൽ മുഖ്യാതിഥിയില്ലാതെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. 1966ലാണ് അവസാനമായി മുഖ്യാതിഥിയില്ലാതെ ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെയും ആണവ ശാസ്ത്രജ്ഞനായിരുന്ന ഹോമി ഭാഭയുടെയും നിര്യാണത്തിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യയുടെ റിപ്പബ്ലിക് ദിനം.