ഡൽഹി: രാജ്യത്തെ ആദ്യ എയർ ടാക്സി സർവീസിന് ഹരിയാനയിൽ തുടക്കമായി. ചണ്ഡീഗഢിൽ നിന്ന് ഹരിയാനയിലെ ഹിസാറിലേക്കായിരുന്നു ആദ്യ സർവീസ്. 45 മിനിറ്റ് കൊണ്ടാണ് വിമാനം ചണ്ഡീഗഢിൽനിന്ന് ഹിസാറിലെത്തിയത്. 1,755 രൂപ മുതലാണ് എയർ ടാക്സിയുടെ ടിക്കറ്റ് വില ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിനായി ഓൺലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതി പ്രകാരമാണ് രാജ്യത്ത് എയർ ടാക്സി സർവീസ് ആരംഭിച്ചത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ആദ്യ സര്‍വ്വീസിന് പച്ചക്കൊടി കാട്ടിയത്.

എയർ ടാക്സി ഏവിയേഷൻ കമ്പനിയാണ് എയർ ടാക്സി സർവീസ് നടത്തുന്നത്. സർവീസിന്റെ ആദ്യഘട്ടമാണ് ചണ്ഡീഗഢ്- ഹിസാർ യാത്ര. ഹിസാറിൽനിന്ന് ഡെറാഡൂണിലേക്കുള്ള രണ്ടാംഘട്ട യാത്ര ജനുവരി 18ന് ആരംഭിക്കും. മൂന്നാം ഘട്ടത്തിൽ ചണ്ഡിഗഢിൽ നിന്ന് ഡെറാഡൂണിലേക്കും ഹിസാറിൽനിന്ന് ധർമ്മശാലയിലേക്കും രണ്ട് റൂട്ടുകൾ കൂടി എയർ ടാക്സി സർവീസ് നടത്തും. ജനുവരി 23 നാണ് മൂന്നാംഘട്ട യാത്ര ആരംഭിക്കുക. ഹരിയാനയിൽനിന്ന് ഷിംല, കുളു തുടങ്ങിയ കൂടുതൽ റൂട്ടുകൾ കൂടി ഉൾപ്പെടുത്താൻ കമ്പനി പദ്ധതിടുന്നുണ്ട്.

ഡിസംബർ 14 നാണ് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് എയർ ടാക്സി ഇന്ത്യയ്ക്ക് ഷെഡ്യൂൾഡ് കമ്മ്യൂട്ടർ എയർലൈൻ പെർമിറ്റ് ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ റീജിയണൽ കണക്റ്റിവിറ്റി സ്കീമായ (ആർസിഎസ്) ഉഡാൻ പ്രകാരം മൊത്തം 26 റൂട്ടുകളിലാണ് കമ്പനിക്ക് സർവീസ് നടത്താനാകുക. ഉഡാൻ സ്കീമിന് കീഴിൽ 303 റൂട്ടുകളിൽ എയർ ടാക്സി സർവീസ് നടത്തും.
ഇരട്ട എഞ്ചിനും നാല് സീറ്റുകളുമുള്ള ടെക്നം പി 2006 ടി വിമാനമാണ് എയർ ടാക്സി സർവീസിനായി ഉപയോഗിക്കുന്നത്. കോസ്റ്റ്രുസിയോണി എയറോനോട്ടിക്ക് ടെക്നം എന്ന കമ്പനിയാണ് ഈ വിമാനം നിർമ്മിച്ചത്. പൈലറ്റിന് പുറമെ മൂന്ന് പേർക്കാണ് വിമാനത്തിൽ യാത്രാ ചെയ്യാനാകുക. ഇത്തരത്തിലുള്ള നാല് വിമാനങ്ങൾകൂടി സ്വന്തമാക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. യാത്രക്ക് മാത്രമല്ല, സ്വകാര്യ ആവശ്യങ്ങൾക്കും വിമാനം ലഭ്യമാക്കുമെന്നും ഒരാളാണെങ്കിൽപോലും സർവീസ് നടത്തുമെന്നുമാണ് കമ്പനിയുടെ വാഗ്ദാനം.