തിരുവനന്തപുരം: കടക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി പീഡിപിച്ചെന്ന കേസിൽ അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് യുവതിയുടെ കുടുംബത്തിന്റെ തീരുമാനം. നാളെ ഹൈക്കോടതിയിൽ ജാമ്യ അപേക്ഷ നൽകും. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു.

ഒരിക്കലും ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയില്ലെന്ന് മകളെ പൊലീസ് ഭീഷണിപ്പെടുത്തിയതായി കുടുംബം പറയുന്നു. സമ്മർദം കാരണമാണ് കുട്ടി അമ്മയ്ക്ക് എതിരെ മൊഴി നൽകിയിരിക്കുന്നതെന്നും സ്ത്രീധന പീഡന പരാതികളിൽ പൊലീസ് നടപടി എടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഭർത്താവ്, രണ്ടാം ഭാര്യ, പൊലീസ് തുടങ്ങിയവരുൾപ്പടെ നാല് പേർക്കെതിരെ യുവതിയുടെ കുടുംബം പരാതി നൽകി.

അതേസമയം, അമ്മയെ കേസിൽ കുടുക്കിയെന്ന ഇളയ കുട്ടിയുടെ പരാതി ഐജി അന്വേഷിക്കും. പൊലീസിനെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി കടയ്ക്കാവൂർ എസ്ഐയെ വിളിച്ചുവരുത്തിയ ഐജി ഹർഷിത അട്ടല്ലൂരി രേഖകൾ പരിശോധിച്ചു. നടപടിക്രമങ്ങളിൽ പിഴവില്ലെന്നാണ് പ്രാഥമിക നിഗമനം. കേസിൽ പോലീസ് അനാവശ്യ തിടുക്കം കാണിച്ചുവെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പോലീസിനെതിരെ സിഡബ്യൂസിയും രംഗത്തെത്തിയിരുന്നു.