ആലപ്പുഴ: മാവേലിക്കരയിൽ വൻ ലഹരിമരുന്ന് വേട്ട. 30 കിലോ കഞ്ചാവും നാലര ലിറ്റർ വാറ്റുചാരായവുമായി യുവതി പിടിയിൽ. കായംകുളം ചേരാവള്ളി സ്വദേശി നിമ്മിയാണ് പോലീസിൻ്റെ പിടിയിലായത്.

ഗവ. ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിൽ നിന്നാണ് പോലീസ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഇവിടെ നിന്നും 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളും, 1800 പാക്കറ്റ് പുകയില ഉത്‌പ്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാവേലിക്കര സ്വദേശി ലിജു ഉമ്മനാണ് നിമ്മിയുടെ പേരിൽ വാടക വീട് എടുത്തതെന്ന് പോലീസ് കണ്ടെത്തി. ഒളിവിൽ പോയ ലിജുവിന് വേണ്ടി തെരച്ചിൽ തുടരുകയാണ്.

ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്‌ഡ് നടത്തിയത്. പുതുവത്സര ദിനാഘോഷങ്ങൾ ലക്ഷ്യമിട്ടാണ് വീട്ടിൽ വൻതോതിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു.