കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും പൂർണമായി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ്. എയർ ഇന്ത്യയ്ക്ക് ഇൻഷുറൻസ് തുക ലഭിച്ചിട്ടും അപകടം സംഭവിച്ചവർക്ക് പൂർണമായി നഷ്ടപരിഹാരം നൽകിയിട്ടില്ല. അപകടത്തിൽ മരിച്ച ഷറഫുദ്ദീന്റെ കുടുംബമാണ് കേസുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

1999 ലെ ക്യാരേജ് ബൈ എയർക്രാഫ്റ്റ് ആക്ടിലെ റൂൾ 17, 20 പ്രകാരം അന്താരാഷ്ട്ര വിമാനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് 1,20,03,840 രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് നിയമം. എന്നാൽ കമ്പനി നിശ്ചയിച്ച തുക മാത്രമെ നൽകു എന്നാണ് എയർ ഇന്ത്യയുടെ നിലപാട്. 10 ലക്ഷം രൂപ മാത്രമാണ് ദുരിതബാധിതർക്ക് കമ്പനി ഇതുവരെ നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുടുംബാംഗങ്ങൾ നിയമപ്രകാരം മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

ആഗസ്റ്റ് 7 നാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. പൈലറ്റും സഹപൈലറ്റുമടക്കം 18 പേർ മരിച്ചു, 172 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഴുവൻ നഷ്ടപരിഹാരവും കമ്പനി ഇതുവരെ നൽകിയിട്ടില്ല. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ മാത്രമാണ് ചികിത്സാ സഹായമായി നൽകിയത്.