കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 46 ലക്ഷം രൂപ വില വരുന്ന 937.30 ഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ദുബായില്‍ നിന്നെത്തിയ ഫ്‌ളൈ ദുബായ് എഫ്ഇസെഡ് 4313 വിമാനത്തില്‍, തിരൂരങ്ങാടി സ്വദേശിയായ 58 വയസുള്ള ഒരു യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം പിടികൂടിയത്. 1097 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി എ കിരണിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ സുധീര്‍, ഐസക് വര്‍ഗീസ്, പൗലോസ് വി ജെ, സബീഷ് സി പി, ഇന്‍സ്‌പെക്ടര്‍മാരായ സുമന്‍ ഗോദരാ, റഹീസ് എന്‍, പ്രേം പ്രകാശ് മീണ, ചേതന്‍ ഗുപ്ത, ഹെഡ് ഹല്‍ദാറായ ചന്ദ്രന്‍ കെ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.