ജമ്മു കശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നല്‍കുമെന്ന വാഗ്ദാനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീര്‍ പുനര്‍ ഏകീകരണ ബില്ലില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ആഭ്യന്തര മന്ത്രി. ചര്‍ച്ച ഉപസംഹരിച്ച് സംസാരിക്കുമ്പോഴാണ് കശ്മീര്‍ വിഷയത്തിലെ തുടര്‍നിലപാട് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്.

ബില്ലിനെതിരെ കോണ്‍ഗ്രസ് വ്യാജ പ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു. സംസ്ഥാന പദവിയുമായ യാതൊരു ബന്ധവും ഈ ബില്ലിനില്ല. ജമ്മു കശ്മീരിന് ഒരിക്കലും സംസ്ഥാന പദവി ലഭിക്കാതിരിക്കാന്‍ ബില്ല് വഴി വയ്ക്കും എന്ന ആരോപണവും അമിത് ഷാ തള്ളി. ഉചിതമായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുക തന്നെ ചെയ്യും എന്നും അമിത് ഷാ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം 17 മാസമായി കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്തു എന്നതിന് സ്ഥിതിവിവരം സര്‍ക്കാരിന്റെ പക്കലുണ്ട്. അതിന് മുന്‍പ് തലമുറകളായി രാജ്യം ഭരിക്കുന്നവര്‍ ഇതുമായി ബന്ധപ്പെട്ട കണക്ക് ചോദിക്കാന്‍ പോലും യോഗ്യരാണോ എന്ന് പരിശോധിക്കണമെന്നും അമിത് ഷാ. ആഭ്യന്തര മന്ത്രിയുടെ മറുപടിക്ക് ശേഷം ജമ്മു കശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.

അതേസമയം ഭീകരവാദ ഭീഷണിയെ തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വിട്ടിലെയും ഓഫീസിലെയും സുരക്ഷ വര്‍ധിപ്പിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദി ഹിദായത്തുള്ളാ മാലിക്കിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2016ലെ ഉറി ആക്രമണത്തിനും 2019ലെ ബലാക്കോട്ട് വ്യോമാക്രമണത്തിനും ശേഷം പാക് ഭീകര സംഘടനകളുടെ പ്രധാന ലക്ഷ്യമാണ് അജിത് ഡോവല്‍.