ശ്രീനഗര്‍: കൊറോണ വാക്സിനെതിരെയുള്ള വ്യാജ പ്രചാരണങ്ങൾ മൂലം കശ്മീരില്‍ 83 ശതമാനം ആരോഗ്യപ്രവര്‍ത്തകരും വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖത കാട്ടുന്നതായി ഡോക്ടര്‍മാരുടെ സംഘടന. ശ്രീനഗര്‍ ആസ്ഥാനമായുള്ള ഡോക്ടര്‍മാരുടെ സംഘടനയായ ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് കശ്മീര്‍ (ഡിഎകെ) ആണ് ആരോഗ്യ പ്രവര്‍ത്തകർ വാക്‌സിനെടുക്കാതെ മാറി നില്‍ക്കുകയാണെന്ന് വ്യക്തമാക്കിയത്.

വാക്സിനെതിരെ വ്യാപകമായി വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയ വഴി ഇത്തരം പ്രചാരണങ്ങൾ ആരോഗ്യ പ്രവർത്തകരിലും എത്തുന്നുണ്ട്. അതിൽ ഭയന്നാണ് പലരും വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്നത്. വാക്സിൻ എടുക്കാതിരുന്നതിന്റെ കാരണമായി ആരോഗ്യ പ്രവർത്തകർ പറയുന്ന പ്രധാനകാരണവും വാക്സിനെ കുറിച്ചുള്ള ഈ തെറ്റായ വിവരങ്ങളാണ്. മാത്രമല്ല ഭയം മൂലം ചിലരാകട്ടെ വാക്സിൻ സാവധാനം എടുത്താൽ മതിയെന്നും പറയുന്നു.

ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജിലെയും അനുബന്ധ ആശുപത്രികളിലെയും 7,000 ആരോഗ്യ പ്രവർത്തകരിൽ ഫെബ്രുവരി ഒൻപത് വരെ 1,167 (16.67 ശതമാനം) പേർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.5,833 തൊഴിലാളികൾ വാക്സിൻ ഒഴിവാക്കിയതായി ഡിഎകെ പ്രസിഡന്റും , മഹാരാജ ഹരി സിംഗ് ആശുപത്രി ഡോക്ടറുമായ നിസാർ ഉൾ ഹസൻ പറഞ്ഞു.