തിരുവനന്തപുരം: ഇടതു സർക്കാരിന് നേട്ടങ്ങൾ എണ്ണി പറഞ്ഞും അഭിനന്ദിച്ചുമായിരുന്നു ഇന്ന് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങൾ ഒന്നും ഒഴിവാക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര കാർഷിക നിയമത്തിനെതിരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയതു 46–ാം ഖണ്ഡികയിലായിരുന്നു. ഴിഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18–ാം ഖണ്ഡിക വായിക്കില്ലെന്നു ഗവർണർ സർക്കാരിനെ രേഖാമൂലം അറിയിച്ചത് വിവാദമായിരുന്നു. വിയോജിക്കുന്നുവെന്ന മുഖവുരയോടെ പിന്നീട് പ്രസംഗത്തിലെ വിവാദഭാഗങ്ങൾ വായിക്കുകയായിരുന്നു.

മഹാമാരിയായ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാർ പ്രവർത്തിച്ചുവെന്നും കോറോണക്കാലത്ത് കിറ്റുകൾ വിതരണം ചെയ്ത് പൂർണമായും പട്ടിണി ഒഴിവാക്കിയെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. നൂറുദിന പരിപാടിയുടെ ഭാഗമായി അമ്പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് മാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന നടപടി സ്വീകരിക്കുകയും ഉണ്ടായി.

കാർഷിക നിയമം ഇടനിലക്കാർക്കും കോർപ്പറേറ്റുകൾക്കും മാത്രമാണ് ഗുണകരമെന്നും ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ദോഷമാണെന്നും ഗവർണർ പറഞ്ഞു. കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാൽ 1955ലെ അവശ്യ സാധനങ്ങൾ ആക്ടിൽ വരുത്തിയ ഭേദഗതികൾ പ്രതികൂലമായി ബാധിക്കുകയും പൂഴത്തിവയ്പും കൊള്ളലാഭവും ഉണ്ടാകുകയും ചെയ്യും. കാർഷിക മേഖലയെ ദുർബലപ്പെടുത്തുന്ന പ്രാദേശിക വ്യാപാര കരാറുകൾ ഇനിയും ഉണ്ടാകുന്നതിനെതിരെ കേരള ജനത ഒറ്റക്കെട്ടായി ജാഗരൂഗരാകണം. റബ്ബർ കർഷകർക്കു ഭാഗിക സഹായം ലഭിക്കുന്നതിനു കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കണമെന്നും ഗവർണർ വ്യക്തമാക്കി. ഒപ്പം കേന്ദ്ര ഏജൻസികൾ സംസ്ഥാന വികസനത്തിന് തുരങ്കം വെക്കുന്നതായും ആരോപിച്ചു.
കെ ഫോൺ പദ്ധതി ഉടൻ യാഥാർത്ഥ്യമാകുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. പാവപ്പെട്ടവർക്ക് പദ്ധതിയിലൂടെ സൗജന്യമായി ഇൻ്റർനെറ്റ് ലഭിക്കും. സർക്കാരിന്‍റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ളതായിരുന്നു പ്രസംഗം. രണ്ട് മണിക്കൂർ പത്ത് മിനിട്ട് നേരം നീണ്ട് നിന്നതായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.