കൊച്ചി: പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ബ്രഹമാണ്ഡ ചിത്രം ‘മരക്കാർ, അറബിക്കടലിന്‍റെ സിംഹം’ ലോകമെമ്പാടും മെയ് 13ന് റിലീസ് ചെയ്യും. വിവരം മോഹൻലാൽ തന്നെ തന്‍റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിടുകയായിരുന്നു. 2020ൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെത്തുടർന്ന് തീയേറ്ററുകൾ അടച്ചതോടെ പ്രതിസന്ധിയിലായിരുന്നു.

100കോടി രൂപയുടെ ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയതെന്ന ഖ്യാതിയോടെയാണ് തീയേറ്ററുകളിൽ എത്തുന്നത്. ആശിർവാദ് സിനിമാസ്, മൂൺലൈറ്റ് എന്‍റർടൈമെന്‍റ്, കോൺഫിഡന്‍റ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, സിദ്ദീഖ്, ഫാസിൽ അടക്കമുള്ള വൻതാരനിര ചിത്രത്തിലുണ്ട്.
