കൊൽക്കത്ത; രാജ്യത്തിന് നാലു ദേശീയ തലസ്ഥാനങ്ങൾ വേണമെന്ന നിർദേശവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് മമത ഇക്കാര്യം പറഞ്ഞത്. “എന്തുകൊണ്ട് ഒരു ദേശീയ തലസ്ഥാനം മാത്രമേ ഉണ്ടാകൂ? എന്തുകൊണ്ട് നാല് ദേശീയ തലസ്ഥാനങ്ങൾ പാടില്ല? വടക്ക്, തെക്ക്, കിഴക്ക്, പശ്ചിമ ഇന്ത്യയിൽ ഓരോ നഗരങ്ങളെ തലസ്ഥാനങ്ങളാക്കണം.ഈ നാല് ദേശീയ തലസ്ഥാനങ്ങൾ മാറി മാറി പ്രവർത്തിക്കാൻ കഴിയുന്ന രീതി വരണം”- മമത ബാനർജി പറഞ്ഞു

എന്തുകൊണ്ട് എല്ലാം ഡൽഹി മാത്രമായി പരിമിതപ്പെടുത്തുന്നു? പാർലമെന്റിൽ നാല് ദേശീയ തലസ്ഥാനം എന്ന ആവശ്യം ഉന്നയിക്കാൻ എന്റെ പാർലമെന്റ് അംഗങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. നേതാജിയുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ കേന്ദ്രം ‘പരാക്രം’ എന്ന പദം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ”അവർ പറഞ്ഞു.
