കൊച്ചി: കുട്ടികളെ മർദ്ദിക്കുന്നതായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലുള്ള ആളെ പോലീസ് അറസ്റ്റു ചെയ്തു. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലർ നൽകിയ സൂചനകളിൽ നിന്നും ഇയാൾ ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാർ (45) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പിന്നീട് പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ പോലീസ് കേസ്സെടുത്തു.

മദ്യ ലഹരിയിൽ കുട്ടികളേയും ഭാര്യയേയും ഉപദ്രവിക്കുന്ന പിതാവിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായത് കഴിഞ്ഞ ദിവസമാണ്. വീഡിയോയ്‌ക്കെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു. പ്രസ്തുത വീഡിയോ അയച്ചുകൊടുത്ത് പ്രതിയെ പിടിക്കണമെന്ന് പലരും ആവശ്യപ്പെട്ടതായി കേരളാ പോലീസ് ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കുന്നു. ഇതോടെയാണ് കുട്ടികളേയും ഭാര്യയേയും ഉപദ്രവിക്കുന്ന ആളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി കേരള പോലീസ് ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയത്.

മദ്യ ലഹരിയിൽ പിതാവ് കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. മൊബൈൽഫോൺ കാണാതായെന്നും കുട്ടികൾ അത് എടുത്തുവെന്നും ആരോപിച്ചായിരുന്നു പിതാവിന്റെ മർദ്ദനം. ഭാര്യയ്ക്കും മകൾക്കും ഇളയ ആൺകുട്ടിക്കുമാണ് മർദ്ദനമേൽക്കുന്നത്. കുഞ്ഞുങ്ങളെ കാൽമുട്ട് മടക്കി അടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
തങ്ങൾ എടുത്തിട്ടില്ലെന്ന് കുട്ടികൾ കരഞ്ഞുകൊണ്ട് ആവർത്തിച്ച് പറയുന്നത് വീഡിയോയിൽ കേൾക്കാം. അമ്മയെ തല്ലരുതേ എന്ന് കുട്ടികൾ കരഞ്ഞു പറയുന്നുമുണ്ട്. രാത്രിയാണ് മർദ്ദനം. ആരോ രഹസ്യമായി പകർത്തിയ ദൃശ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായത്. ഇതോടെയാണ് കേരളപോലീസും ആളെത്തിരഞ്ഞ് രംഗത്തെത്തിയത്.