ചെന്നൈ : സൂപ്പർസ്റ്റാർ രജനികാന്തിന്റെ എഴുപതാം പിറന്നാളിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം മുന്നോട്ട് നയിക്കു എന്നാണ് സന്ദേശത്തിൽ അദ്ദേഹം കുറിച്ചത്. ട്വിറ്ററിലൂടെയാണ് സന്ദേശം പങ്കുവച്ചത്.

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീർ ശെൽവം, സംഗീത സംവിധായകൻ എ അർ റഹ്മാൻ എന്നിങ്ങനെ നിരവധി വിശിഷ്ട വ്യക്തികളും താരത്തിന് ആശംസകൾ അറിയിച്ചു. രജനീകാന്ത് ഫാൻസ് അസോസിയേഷൻ അംഗങ്ങൾ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ രാവിലെതന്നെ തടിച്ചുകൂടിയിരുന്നു. ബാനറുകളും തലൈവരുടെ ചിത്രമുള്ള ടീ ഷർട്ടും ധരിച്ചാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്.
പിന്നാളിനോടനുബന്ധിച്ച് എല്ലാ വർഷവും ചെയ്തുവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഈ വർഷവും തുടരുമെന്ന് രജനി മക്കൾ മണ്ഡ്രം അംഗങ്ങൾ അറിയിച്ചു. ഡിസംബർ 31 നാണ് രജനീകാന്ത് പുതിയ പാർട്ടി പ്രഖ്യാപനം നടത്തുന്നത്. 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി ആകാംക്ഷയോടെ കാത്തുനിൽക്കുകയാണ് ആരാധകർ.
