തിരുവനന്തപുരം: നെയ്യാറ്റിൻകര ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഇളയ മകൻ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. രഞ്ജിത്തിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. തുടർന്ന് ബോധരഹിതനാകുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ സമീപവാസികൾ ചേർന്ന് പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടിയൊഴുപ്പിക്കൽ നടപടികളും, മാതാപിതാക്കളുടെ മരണത്തെ തുടർന്നും കഴിഞ്ഞ ദിവസങ്ങളിലായി കൃത്യമായ ഭക്ഷണമോ, വെള്ളമോ കുട്ടികൾ കഴിച്ചിരുന്നില്ല. ഇതാകാം ശാരീരികാസ്വാസ്ഥ്യത്തിന് കാരണം.

ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താൻ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജൻ പ്രതികരിച്ചിരുന്നു. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. തുടർന്ന് രാജൻ മരണപ്പെട്ടു. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.