കാഞ്ഞങ്ങാട്: പ്രവാസികള്‍ക്ക് വായ്പ നല്‍കുന്നതിനായി നോര്‍ക്ക വിളിച്ചു കൂട്ടിയ ക്യാമ്പില്‍ ഉദ്യോഗസ്ഥര്‍ എത്താതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കായി. വായ്പയ്ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ പ്രവാസികള്‍ നിരാശരായി മടങ്ങി .

ബുധനാഴ്ച രാവിലെയാണ് പ്രവാസി പുനരധിവാസ പദ്ധതിയുടെ
ഭാഗമായി മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്‌സ് പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം വായ്പാ നിര്‍ണയ ക്യാംപും സംരഭകത്വ പരിശീലനവും കാനറാ ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നോര്‍ക്ക ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അറിയിച്ചത്.

ഇത് പത്ര മാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞ് നിരവധി പേരാണ് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ എത്തി ചേര്‍ന്നത്. തൃക്കരിപ്പൂര്‍, മഞ്ചേശ്വരം, കാസര്‍കോട്, കുമ്പള അടക്കം ജില്ലയിലെ മലയോര മേഖലയില്‍ നിന്ന് അടക്കം പലരും വ്യാപാര ഭവനില്‍ എത്തിയിരുന്നു. നൂറ് കണക്കിന് ആളുകള്‍ എത്തിയിട്ടും നോര്‍ക്ക ഉദ്യോഗസ്ഥന്മാരെ ആരെയും കാണാതായതോടെ എത്തിയവര്‍ ബഹളം വെക്കുകയായിരുന്നു.
എന്നാല്‍ നേരത്തെ നോര്‍ക്ക ക്യാമ്പ് നടത്താന്‍ വ്യാപാര ഭവന്‍ ബുക്ക് ചെയ്തിരുന്നതായും എന്നാല്‍ രജിസ്‌ട്രേഷന്‍ 120ല്‍ എത്തിയതോടെ ക്യാമ്പ് അവിടെ നിന്നും ക്യാന്‍സലാക്കുകയും ഓണ്‍ ലൈന്‍ ആക്കി മാറ്റുകയും ചെയ്തതായിട്ടാണ് നോര്‍ക്ക അധികൃതര്‍ പറയുന്നത്. രജിസ്ട്രര്‍ ചെയ്തവരോട് ഇക്കാര്യം അറിയിച്ചതായും നോര്‍ക്ക അധികൃതര്‍ പറഞ്ഞു.