തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണമെന്നും, എന്നാൽ മിണ്ടാപ്രാണികളാവരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി.
കള്ള വോട്ടിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കും. നന്നായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പിന് ശേഷവും സംരക്ഷണം ഏർപ്പെടുത്തുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. കള്ള വോട്ട് തടഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ ഏതെങ്കിലും തരത്തിൽ ഭീഷണിയുള്ളതായി പരാതി ലഭിച്ചാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയെടുക്കും. ഉദ്യോഗസ്ഥർക്ക് നേരെ തെരഞ്ഞെടുപ്പിന് ശേഷം സർക്കാരിൽ നിന്ന് ഭീഷണി ഉയർന്നാലും പരാതിപ്പെടാമെന്നും ടിക്കാറാം മീണ അറിയിച്ചു. പ്രശ്‌ന ബാധിത, മോവോവാദി ഭീഷണി നിലനിൽക്കുന്ന ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കും. കേരള പൊലീസിന് ബൂത്തിനു പുറത്തായിരിക്കും സുരക്ഷ ചുമതല. മറ്റു ബൂത്തുകളിൽ ഇടകലർത്തി സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കും. ബൂത്ത് കവാടത്തിന്റെ നിയന്ത്രണം കേന്ദ്ര സേനയ്ക്കായിരിക്കും.
