തിരുവനന്തപുരം: കൂളിങ് ഫിലിമുകളും കർട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ നാളെ മുതൽ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിലാവും നടപടി. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പടെയുള്ള കടുത്ത നടപടിയുണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നത്. കൂളിങ് ഫിലിമുകളും കർട്ടനുകളും മാറ്റാൻ വിസമ്മതിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.

സ്വകാര്യ വാഹനങ്ങൾക്കൊപ്പം നിരവധി സർക്കാർ, അർധ സർക്കാർ വാഹനങ്ങളിലും ഇത്തരത്തിൽ നിയമവിരുദ്ധമായ കൂളിങ് ഫിലിമുകളും കർട്ടനുകളും കണ്ടെത്തിയിട്ടുണ്ട്. ഇവക്കെതിരെയും നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും പരിശോധന. നിയമം ലംഘിച്ചിട്ടുണ്ടെന്ന് മനസിലായാൽ ഇ-ചെലാൻ വഴിയായിരിക്കും പിഴ ഈടാക്കുക.

നേരത്തെ ഡിസംബറിൽ തന്നെ ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാൽ, മോട്ടാർ വാഹന വകുപ്പ് അന്ന് നടപടിയെടുത്തിരുന്നില്ല.