തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. 10 മിനിറ്റ് പ്രതിഷേധിച്ചശേഷം പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. പ്രതിഷേധ ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം നിയമസഭയിൽ എത്തിയത്. സർക്കാരിനും സ്പീക്കർക്കുമെതിരെ മുദ്രാവാക്യം വിളികളും സഭയിൽ ഉയർന്നു.

കള്ളക്കടത്തിൽ സംശയ നിഴലിലായ സ്പീക്കർ രാജിവച്ച് സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുക, വേണ്ടപ്പെട്ടവർക്ക് നൽകിയ പിൻവാതിൽ നിയമനങ്ങൾ റദ്ദ് ചെയ്യുക, മുഖ്യമന്ത്രി വർഗീയ പ്രചാരണം അവസാനിപ്പിക്കുക, സ്വർണ്ണക്കടത്തിന്റേയും അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്തിയുടെ ഓഫീസ്, മുഖ്യ ആസൂത്രകൻ മുഖ്യമന്ത്രി എന്നിങ്ങനെ എഴുതിയ ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.

ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കാൻ അനുവദിക്കണമെന്ന് ഗവർണർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. സർക്കാരിനും സ്പീക്കർക്കുമെതിരെയാണ് മുദ്രാവാക്യം വിളികൾ. നിയമസഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഗാർഡ് ഓഫ് ഓർണർ നൽകിയാണ് സ്വീകരിച്ചത്.