പത്തനംതിട്ട: പ്രതിസന്ധി ഘട്ടങ്ങളിളെല്ലാം സാന്ത്വനവും കരുത്തുമായി ഒപ്പം നിന്ന ജില്ലാ കളക്ടർ പടിയിറങ്ങുന്നതിന്റെ ദുഃഖം മറച്ചുവെക്കാതെ പത്തനംതിട്ട നിവാസികൾ. ജില്ലാ കളക്ടർ പി.ബി. നൂഹ് പത്തനംതിട്ടയോട് നന്ദി പറഞ്ഞ് ഇട്ട പോസ്റ്റിന് താഴെ വന്ന കമന്റുകളിലെല്ലാം നിഴലിച്ചത് അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും തന്നെ. നന്ദിയും ആശംസകളും നേർന്ന് പതിനായിരത്തോളം പേരാണ് കമന്റിട്ടത്. ‘മുന്നോട്ടുള്ള ഔദ്യോഗിക ജീവിതത്തിൽ ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.’-എന്നാണ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ പോസ്റ്റില്‍ കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത്. സഹകരണ രജിസ്ട്രാർ ആയാണ് പി ബി നൂഹിന്റെ പുതിയ നിയമനം. 2018 ജൂൺ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നത്.

കളക്ടര്‍ മുന്നില്‍ നിന്ന് നയിച്ച് നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും കാണിച്ച മാതൃകകളേയും പലരും കമന്‍റില്‍ ഒര്‍ത്തെടുക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ച നായകനെന്നും പലരും അഭിപ്രായപ്പെടുന്നു. പുതിയ പദവിയിലേക്ക് പോകുന്ന നൂഹിന് ആശംസകളും അര്‍പ്പിക്കുന്നു.
