ഉപ്പള: പൗരത്വം നിയമം കേരളം നടപ്പാക്കില്ലെന്ന് പറഞ്ഞാൽ നടപ്പാക്കില്ലെന്ന് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് എൽ.ഡി.എഫിന്‍റെ വടക്കൻ മേഖല ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് വാക്സിനേഷന് ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി പറയുന്നുണ്ട്. ഇക്കാര്യത്തിൽ കേരളം ഒരു നിലപാട് എടുത്തിട്ടുണ്ട്. നിയമത്തെ കേരളം അനുകൂലിക്കില്ല. നടപ്പാക്കുകയും ചെയ്യില്ലെന്ന് പിണറായി പറഞ്ഞു.

സംസ്ഥാന സർക്കാർ നടപ്പാക്കില്ലെന്ന് പറഞ്ഞാൽ നടപ്പാക്കില്ലെന്ന് തന്നെയാണ്. കേരളത്തിൽ നിയമം ഇപ്പോൾ നടപ്പാക്കിയോയെന്നും പിണറായി ചോദിച്ചു. വർഗീയമായി ആളുകളെ വികാരം കൊള്ളിച്ച് വികസന പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അത് നാടിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വർഗീയത ഉയർത്തുന്നത്. ആർ.എസ്.എസിനെ പ്രതിരോധിക്കാനെന്ന പേരിൽ എസ്.ഡി.പി.ഐ പോലുള്ള പാർട്ടികൾ വർഗീയത പ്രചരിപ്പിക്കുന്നുണ്ട്. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.