ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാത്തോലിക സഭാ അധ്യക്ഷന്മാരുടെ ആവശ്യം പരിഗണിച്ചാണ് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക്ക്ഷണിക്കാൻ നീക്കം. കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്ന് സഭാധ്യക്ഷൻമാർ വ്യക്തമാക്കി.

സിബിസിഐ തലവനും ബോംബെ ലത്തീൻ അതിരൂപത അധ്യക്ഷനുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാത്തോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ കത്തോലിക്കാ സഭാ അധ്യക്ഷൻമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. ചർച്ച ആശയാവഹമെന്ന് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു.

ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിയുടെ മോചനവും, സ്കോളർഷിപ്പ് വിതരണത്തിൽ തുല്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാരിന്റെ ശ്രദ്ധ പതിയേണ്ട വിഷയങ്ങളിൽ രേഖാമൂലം തന്നെ ആവശ്യം ഉന്നയിച്ചു.
ലൗ ജിഹാദ് വിഷയം ചർച്ചയില്ലെന്ന് സഭാഅധ്യക്ഷന്മാർ വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്ന് അറിയിച്ചെങ്കിലും യാക്കോബായ – ഓർത്തഡോക്സ് സഭയ്ക്ക് പിന്നാലെ കത്തോലിക്കാസഭയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് നിയമസഭാ തെഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തിൽ രാഷ്ട്രീയ പ്രാധാന്യമേറെയാണ്.
അതേസമയം, വിദേശ ഫണ്ട് സ്വീകരിക്കുന്ന കാര്യം ചർച്ചചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷായുമായുമായി സഭാ അധ്യക്ഷന്മാരും കേരളത്തിൽ നിന്നുള്ള സഭാ പ്രതിനിധികളായ ഫാദർ ജേക്കബ് പാലയ്ക്കപ്പിള്ളിയും, തോമസ് പാറക്കല്ലും കൂടിക്കാഴ്ച നടത്തിയേക്കും.