കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പഴയമുഖങ്ങൾ വേണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുവാക്കൾക്ക് പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ് ഏകോപന സമിതി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല ഭൂരിപക്ഷത്തിൽ ജയിക്കാനാണ് ശ്രമിക്കേണ്ടത്. സ്ഥാനാർത്ഥികളിൽ പഴയമുഖങ്ങൾ മാത്രമാകരുത്. വിജയസാദ്ധ്യത മാത്രമായിരിക്കണം സ്ഥാനാർത്ഥിനിർണയത്തിൽ മാനദണ്ഡം വെയ്‌ക്കേണ്ടത്. മറ്റൊരു ഘടകവും ഇക്കാര്യത്തിൽ പരിഗണിക്കരുതെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യുവാക്കൾക്കും വനിതകൾക്കും ഒരു പോലെ പ്രാധാന്യം നൽകണമെന്നും രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. യുഡിഎഫ് ഏകോപന സമിതി യോഗത്തിന് ശേഷം കോഴിക്കോട് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിലും ശംഖുമുഖത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.