തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഇടുതുപക്ഷ പ്രവര്‍ത്തകരെ അനധികൃതമായി നിയമിക്കാന്‍ കൂട്ടു നില്‍ക്കുകയാണ് എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംവിധായകന്‍ കമല്‍ ചലച്ചിത്ര അക്കാദമിക്ക് വേണ്ടി എഴുതിയ കത്ത് ഉയര്‍ത്തിപിടിച്ചാണ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

അക്കാദമിയുടെ ഇടത് സ്വഭാവം നിലനിര്‍ത്താന്‍ ഇടത് അനുഭാവം ഉള്ളവരെ സ്ഥിരപ്പെടുത്തുണമെന്ന് കത്തില്‍ പറയുന്നു. ചലച്ചിത്ര അക്കാദമിയെന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോയെന്നും ചെന്നിത്തല ചോദിച്ചു.

“പ്രശസ്ത ചലച്ചിത്ര സംവിധായകനായ കമല്‍ ചലച്ചിത്ര അക്കാദമിക്ക് വേണ്ടി എഴുതിയ ഒരു കത്ത് ഞാന്‍ നിയമസഭയ്ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ആ കത്തില്‍ പറയുന്നത് ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നി സാംസ്‌കാരിക രംഗത്ത് നിലകൊള്ളുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമാണ് എന്നാണ്.
ചലച്ചിത്ര അക്കാദമിയെന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോ. ഒരു പ്രശസ്തനായ സംവിധായകനാണ് നിയമത്തെയും ചട്ടത്തെയും കാറ്റില്‍പറത്തികൊണ്ട് ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുന്നത്,” ചെന്നിത്തല പറഞ്ഞു.