തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചാണ് അമിത് ഷാ തന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ ചടങ്ങുകള്‍ തീരുമാനിക്കേണ്ടത് പിണറായി സര്‍ക്കാരല്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ചടങ്ങുകള്‍ ഭക്തരുടെ അഭിപ്രായത്തോടെയാണ് നടക്കേണ്ടത്. അല്ലാതെ ഇക്കാര്യങ്ങള്‍ ഇവിടുത്തെ ഇടത് സര്‍ക്കാരല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ ഇടത് വലത് മുന്നണികളുടേത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ്. ഇവിടെ ഏറ്റുമുട്ടുന്ന അവര്‍ കേരളത്തിന് പുറത്ത് തോളില്‍ കൈയിട്ട് നടക്കുകയാണ്. കേരളത്തിന്റെ വികസനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ലോകത്ത് എവിടെയും കാണാത്ത തരത്തിലുള്ള കൊറോണ വാക്സിനേഷനാണ് ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. കൊറോണ പ്രതിരോധത്തില്‍ രാജ്യം ഇപ്പോള്‍ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
