തിരുവനന്തപുരം: കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു തോമസ്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് വിധിയെന്നും ബിജു പറഞ്ഞു. ഇത് കേരളജനത ആഗ്രഹിച്ചിരുന്ന വിധിയാണ്. സഹായിച്ച ഓരോരുത്തരോടും നന്ദിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അഭയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ഫാ. തോമസ് എം. കോട്ടൂര്‍ കാന്‍സര്‍ രോഗിയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയുടെ അഭിഭാഷകനും വാദിച്ചു.