കൊച്ചി: ശിവശങ്കറിന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇഡി. ശിവശങ്കർ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ശിവശങ്കറിന്റെ നീക്കം മാദ്ധ്യമശ്രദ്ധ നേടാനാണെന്നും ഇഡി അറിയിച്ചു. ജാമ്യ വിധിക്ക് തലേ ദിവസം രേഖാമൂലം വാദം ഉന്നയിച്ചതിന് പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്നും ഇഡി ആരോപിച്ചു.

കോടതിയെ സ്വാധീനിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് ശിവശങ്കറിന്റെ ശ്രമം. രേഖാമൂലം ശിവശങ്കർ നൽകിയത് തുറന്ന കോടതിയിൽ ഉന്നയിക്കാത്ത വാദങ്ങളാണ്. ഇത് കോടതി നടപടികൾക്കെതിരാണ്. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ പങ്ക് തെളിയിക്കുന്ന വാട്‌സ്ആപ് സന്ദേശങ്ങൾ പൂർണമായി കോടതിക്ക് ഇഡി നൽകിയിട്ടുണ്ട്. ശിവശങ്കർ കള്ളം പ്രചരിപ്പിക്കുകയാണെന്നും ഇഡി പറഞ്ഞു.

കഴിഞ്ഞ ദിവസം തുറന്ന കോടതിയിൽ നടത്തിയ വാദങ്ങൾക്ക് പുറമെ ഇന്നലെ കൂടുതൽ വാദങ്ങൾ ഉന്നയിച്ച് ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ ആർഗ്യൂമെന്റ് നോട്ട് സമർപ്പിച്ചിരുന്നു. സർക്കാരുമായി ബന്ധപ്പെട്ട ഉന്നത പദവി വഹിക്കുന്നതിനാലാണ് തന്നെ കേസിൽപ്പെടുത്തിയതെന്നും രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നതായും ശിവശങ്കർ ഇതിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മുതിർന്ന ഐഎഎസ് ഓഫീസറായ തനിക്ക് മുപ്പത് വർഷത്തോളം സർവ്വീസുണ്ട്. സർക്കാരിന്റെ ഉന്നത പദവി വഹിച്ചതിനാൽ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. കുറ്റകൃത്യവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. താൻ പൊളിറ്റിക്കൽ ടാർഗറ്റാണ്. ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാനിരിക്കെയാണ് ഇഡി എതിർവാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.