പുതുച്ചേരി: ഭൂരിപക്ഷം നഷ്ടമായ നാരാണയസ്വാമി സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. കേരളത്തോടൊപ്പം ഏപ്രില്‍ ആറിനാണ് പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. സര്‍ക്കാര്‍ താഴെ വീണ് ആഴ്ചകള്‍ക്ക് ശേഷം തന്‍റെ സര്‍ക്കാരിനെ ബിജെപി താഴ ഇറക്കാന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് വി നാരാണയ സ്വാമി ന്യൂസബിളിനോട് വെളിപ്പെടുത്തി. അഞ്ച് വര്‍ഷം സര്‍ക്കാരിനെ തകരാതെ താന്‍ പിടിച്ച് നിര്‍ത്തിയെന്ന് നാരായണസ്വാമി പറഞ്ഞു.

സര്‍ക്കാരിന്‍റെ കാലാവധി തീരാന്‍ 10 ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപടലോടെ ബിജെപി ചാടിച്ചതെന്നും 2016 മുതല്‍ ബിജെപി ഇതിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും നാരായണ സ്വാമി ആരോപിച്ചു. തന്‍റെ മന്ത്രിസഭയിലെ അംഗമായ ആറുമുഖം നമശിവായം ബിജെപിയുമായി അടുപ്പത്തിലായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇദ്ദേഹം അകലം പാലിച്ചിരുന്നു. അതിന് ശേഷം അദ്ദേഹത്തോട് അടുപ്പമുള്ള മറ്റൊരു എംഎൽഎയും ബിജെപിയിലേക്ക് ചേക്കേറി.

എംഎല്‍എമാര്‍ക്ക് റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ഉള്ളതിനാൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് എന്നിവ ഉപയോഗിച്ച് ബിജെപി അവരെ വലവീശിപ്പിടിച്ചെന്ന് നാരായണ സ്വാമി പറഞ്ഞു. തനിക്കെതിരായ ഐ-ടി കേസ് അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് മറ്റൊരു എംഎൽഎ ജോൺ കുമാര്‍ ബിജെപിയിലേക്ക് പോയത്. ഡിഎംകെയിൽ നിന്നുള്ള മറ്റൊരു എംഎൽഎയും പിന്നാലെ രാജിവച്ചു, കാരണം അദ്ദേഹത്തിനും റിയൽ എസ്റ്റേറ്റ് ബന്ധമുണ്ട്. കോണ്‍ഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി കേന്ദ്രത്തിലുള്ള അധികാരത്തെയും പണത്തെയും ഉപയോഗിച്ചെന്നും നാരായണ സ്വാമി ആരോപിക്കുന്നു.
മുഖ്യമന്ത്രി തങ്ങളെ പാര്‍ട്ടിയില്‍ ഒതുക്കാന്‍ ശ്രമിച്ചുവെന്ന് രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപിച്ചിരുന്നു. ഈ ആരോപണം നാരായണ സ്വാമി നിഷേധിച്ചു. അവരെ പാര്‍ട്ടിയില്‍ ഒതുക്കുന്നു എന്ന് പരാതി ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ പ്രതകരിച്ചില്ല. സര്‍ക്കാര്‍ കാലാവധി അവസാനിക്കുന്നതിന്‍റെ തൊട്ടു മുമ്പ് എന്തിന് ബിജെപിയിലേക്ക് പോയി, നേരത്തെ പോകാമായിരുന്നില്ലേ. ഇതൊരു തന്ത്രമാണ്. ബിജെപിയിലേക്ക് പോയതിന് അവര്‍ പല വിശദീകരണവും നല്‍കുന്നുണ്ട്, എന്നാല്‍ പോണ്ടിച്ചേരിയിലെ ജനങ്ങള്‍ക്ക് എല്ലാം മനസിലാകുമെന്നും നാരായണസ്വാമി പറഞ്ഞു.