ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോലിയെ മറികടന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലെ പ്രകടനങ്ങളാണ് സ്മിത്തിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. 900 പോയിൻ്റാണ് താരത്തിന് ഉള്ളത്. 919 പോയിൻ്റുള്ള ന്യൂസീലൻഡ് നായകൻ കെയിൻ വില്ല്യംസണാണ് ഒന്നാമത്. മൂന്നാമതുള്ള കോലിക്ക് 870 പോയിൻ്റുണ്ട്.

ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയ്ൻ (866), പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം (781) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ ഉള്ളത്. ഇന്ത്യൻ താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർ യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങളിലുണ്ട്.

അതേസമയം, ഓസീസിനെതിരെ ഇന്ത്യ പരുക്കേറ്റ് വലയുകയാണ്. ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മായങ്ക് അഗർവാൾ എന്നിവർക്കാണ് നാലാം ടെസ്റ്റിനു മുന്നോടിയായി പരുക്കേറ്റത്. വിഹാരിക്കും ജഡേജക്കും മൂന്നാം ടെസ്റ്റിനിടെ പരുക്ക് പറ്റിയപ്പോൾ ബുംറയ്ക്ക് അടിവയറ്റിൽ വേദനയാണെന്നാണ് വിവരം. നെറ്റ്സിൽ പരിശീലനത്തിനിടെയാണ് അഗർവാളിന് പരുക്കേറ്റത്.
മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ്, ലോകേഷ് രാഹുൽ തുടങ്ങി നിരവധി താരങ്ങളാണ് പരുക്കേറ്റതിനെ തുടർന്ന് ടീമിൽ നിന്നു പുറത്തായത്.