കണ്ണൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടനും എംപിയുമായ സുരേഷ് ഗോപി. കേരളത്തിലേത് വൃത്തികെട്ട ഭരണമാണെന്നും സർക്കാർ വിശ്വാസികളെ വിഷമിപ്പിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ സർക്കാരിനെ ഒതുക്കിയെ മതിയാകൂ. ഇവരെ കാലിൽ തൂക്കി കടലിൽ കളയണമെന്നും സുരേഷ് ഗോപി വിമർശിച്ചു. കണ്ണൂരിൽ കോർപറേഷൻ സ്ഥാനാർഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സർക്കാർ നടത്തുന്ന കൊള്ളയ്ക്ക് ഇടയിൽ കൊലപാതകത്തിന് ചെറിയ ശമനം വന്നതിൽ ദൈവത്തോട് നന്ദി പറയാം. കോസ്മിക്ക് ലോ ഇവരെ ഒടുക്കിയിരിക്കും. കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണ്. ശക്തമായ പ്രതിപക്ഷമായിരുന്നെങ്കിൽ ഇവരെ എടുത്ത് കളയുമായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു.

2016 തെഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പത്ത് പേരെ തന്നിരുന്നെങ്കിൽ സർക്കാരിനെ ശക്തമായി നേരിടാമായിരുന്നു. ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാൻ പാടില്ല. കഴിഞ്ഞ നാലേമുക്കാൽ വർഷം ഈ സർക്കാർ ചെയ്തുകൂട്ടിയത് ഇഴ കീറി പരിശോധിക്കണം. അങ്ങനെ വാന്നാൽ ജനങ്ങൾക്ക് താമര ചിഹ്നത്തിൽ മാത്രമെ വോട്ട് ചെയ്യാനാവൂ. മലയാളികൾക്ക് കൈവന്ന ഈ അവസരം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കണമെന്നും സുരേഷ് ഗോപി ഓർമ്മിപ്പിച്ചു.