ന്യൂഡൽഹി :അനധികൃതമായി അവധിയിലുള്ള എല്ലാ ജീവനക്കാരേയും സർവീസിൽ നിന്നും പിരിച്ചുവിടാൻ ധനകാര്യവകുപ്പ് നിർദ്ദേശം നൽകി. അവധിയുടെ കാലയളവിനു ശേഷം അവധി അപേക്ഷ നൽകാതെയും സർവീസിൽ പ്രവേശിക്കാതെയും അനധികൃതമായി അവധിയിലുള്ളവരെയാണ് പിരിച്ചുവിടുന്നത്. 2020 നവംബർ അഞ്ചിനു ശേഷം ശൂന്യവേതാവധി അഞ്ചു വർഷമായിരിക്കും. ഇതുസംബന്ധിച്ച മാർഗനിർദ്ദേശത്തിലാണ് അനധികൃമായി അവധിയിൽ തുടരുന്ന എല്ലാവരേയും പിരിച്ചുവിടാൻ വകുപ്പു മേധാവികൾക്ക് നിർദ്ദേശം നൽകിയത്.
ശമ്പളമില്ലാത്ത അവധിയെടുക്കുകയും അനുവദിച്ച കാലയളവിനു ശേഷവും അവധിയിൽ തുടരുന്ന എല്ലാ ജീവനക്കാരേയും പിരിച്ചുവിടാനാണ് നിർദ്ദേശം. അവധി അപേക്ഷ സമർപ്പിക്കാതെയും സർവീസിൽ പ്രവേശിക്കാതെയും നിലവിൽ അവധിയിൽ തുടരുന്നവരെയാണ് പിരിച്ചുവിടുന്നത്. കെ.എസ്.ആർ ചട്ടം അനുസരിച്ച് അച്ചടക്ക നടപടി സ്വീകരിച്ച് ഇവരെ പിരിച്ചുവിടാനാണ് വകുപ്പ് മേധാവികൾക്ക് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് നിർദ്ദേശം നൽകിയത്.