തിരുവനന്തപുരം: ടൈറ്റാനിയം കമ്പനിയിലെ ഫർണസ് ഓയിൽ ചോർന്ന സംഭവത്തിൽ വീഴ്ച്ച വരുത്തിയ രണ്ടു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പമ്പിംഗ് സെക്ഷൻ ചുമതലയുള്ള ഗ്ലാഡ്‌വിൻ, യൂജിൻ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ടൈറ്റാനിയം കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർക്ക് വീഴ്ച്ച പറ്റിയതായി കണ്ടെത്തിയത്.

2000 മുതൽ 5000 ലിറ്റർ വരെ ഫർണസ് ഓയിലാണ് ഫാക്ടറിയിൽ നിന്നും ചോർന്നത്. നാട്ടുകാരാണ് എണ്ണച്ചോർച്ച ഉണ്ടായ വിവരം അധികൃതരെ അറിയിക്കുന്നത്. ആ സമയത്തിനുള്ളിൽ കടൽത്തീരത്ത് നാലു കിലോമീറ്ററോളം ചുറ്റളവിൽ എണ്ണ പടർന്നിരുന്നു. വെട്ടുകാട് മുതൽ വേളി വരെയാണ് എണ്ണ പടർന്നത്.

തുടർന്ന് ഫാക്ടറിയുടെ പ്രവർത്തനം രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചിരുന്നു. പിന്നീട് എണ്ണയുടെ അംശം പൂർണ്ണമായും നീക്കിയ ശേഷമാണ് ഫാക്ടറി തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്.