വിവാദമായ അമ്പയേഴ്സ് കോൾ നിയമത്തിൽ മാറ്റവുമായി ഐസിസി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ നയിക്കുന്ന ഐസിസി ക്രിക്കറ്റ് കമ്മറ്റിയാണ് നിയമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. അമ്പയേഴ്സ് കോളുമായി ബന്ധപ്പെട്ട് ഏറെക്കാലമായി തുടരുന്ന വിവാദങ്ങൾക്ക് ഒരു പരിഹാരം എന നിലയിലാണ് പുതിയ മാറ്റം. പുതിയ നിയമത്തിൽ ബൗളർമാർക്കാണ് നേട്ടം ലഭിക്കുക.
ലെഗ് ബിഫോർ വിക്കറ്റുകളിലെ അമ്പയേഴ്സ് കോളിലാണ് ഇനി മാറ്റം വരിക. വിക്കറ്റ് സോൺ മാർജിനിൽ ക്രിക്കറ്റ് കമ്മറ്റി മാറ്റം വരുത്തി. നേരത്തെ, ബോൾ ട്രാക്കിംഗിൽ പന്ത് ബെയിൽസ് ഉൾപ്പെട്ട സ്റ്റമ്പിൻ്റെ മുകൾ ഭാഗത്താണ് കൊള്ളുന്നതെങ്കിൽ അത് അമ്പയേഴ്സ് കോളിൽ ഉൾപ്പെടുമായിരുന്നു. ഓൺഫീൽഡ് അമ്പയർ നോട്ടൗട്ട് വിളിച്ചാൽ അത് നോട്ടൗട്ടായി തുടരുകയും ഔട്ട് വിളിച്ചാൽ മാത്രം അത് ഔട്ടാവുകയും ചെയ്യും. എന്നാൽ, പുതിയ നിയമത്തിൽ സ്റ്റമ്പിൻ്റെ മുകൾ ഭാഗം കൂടി വിക്കറ്റ് സോണിൻ്റെ പരിധിയിൽ വരും. അതായത്, പന്ത് ബെയിൽസിലോ മുകൾ ഭാഗത്തോ കൊള്ളുകയാണെങ്കിൽ അമ്പയേഴ്സ് കോൾ എന്തായാലും ബൗളർക്ക് വിക്കറ്റ് ലഭിക്കും.