ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ തുടർച്ചയായ പിന്തുണ നൽകിയതിന് ഇന്ത്യയ്ക്കു നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. അയൽ രാജ്യങ്ങളിലേക്കും ബ്രസീൽ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ കോവിഡ് വാക്സീൻ കയറ്റുമതി ചെയ്തിരുന്നു.

‘ഇന്ത്യയ്ക്കു നന്ദി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുള്ള നിങ്ങളുടെ തുടർച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകൾ പങ്കുവച്ചാൽ മാത്രമേ വൈറസിനെ തടയാനാകൂ, ജീവിതവും ജീവനും സംരക്ഷിക്കാൻ കഴിയൂ’– ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു. വാക്‌സീൻ കയറ്റുമതി ചെയ്തതിനു ബ്രസീലിയൻ പ്രസിഡന്റ് ജെയർ എം.ബോൾസോനാരോ നന്ദി അറിയിച്ചു ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ടെഡ്രോസിന്റെ സന്ദേശം. വെള്ളിയാഴ്ച ഇന്ത്യ രണ്ട് മില്യൻ ഡോസ് കോവിഷീൽഡ് വാക്‌സീൻ ബ്രസീലിലേക്ക് കയറ്റി അയച്ചിരുന്നു.

ഇന്ത്യയിൽനിന്നു ബംഗ്ലദേശ്, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് മൊത്തം 3.2 മില്യൻ വാക്‌സീൻ ഡോസുകൾ അയച്ചു. മൗറീഷ്യസ്, മ്യാൻമർ, സീഷെൽസ് എന്നീ രാജ്യങ്ങൾക്കും വാക്സീൻ നൽകി. ഉടൻ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും നൽകും. ദക്ഷിണാഫ്രിക്കയിലേക്കും വാക്സീൻ അയക്കുന്നുണ്ട്.