കോട്ടയം: വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളത്തിലെ മികച്ച സാമൂഹിക പ്രവര്‍ത്തകയായി തിരഞ്ഞെടുത്ത ഡോ. മേരി കളപ്പുരയ്ക്കലിനെ മദര്‍ ഓഫ് മലബാര്‍ ബഹുമതി നല്കി ഡിസംബര്‍ 21 ന് ആദരിക്കും. തെള്ളകം ചൈതന്യ കണ്‍വന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം പി അവാര്‍ഡ് സമ്മാനിക്കും.കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യുമൂലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. മോന്‍സ് ജോസഫ് എംഎല്‍എ,ദീപിക ഡയറക്ടര്‍ ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ ആശംസകള്‍ നേര്‍ന്നുപ്രസംഗിക്കും.വേൾഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍, റീജിയന്‍, പ്രോവിന്‍സ് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുക്കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അഡ്വ.ശ്രീധരൻ p s കൃതജ്ഞതയര്‍പ്പിക്കും. ലോകത്തിലെ തന്നെ ആതുര സേവന മാതൃകയ്ക്കുള്ള പ്രത്യേക പുരസ്‌ക്കാരമായ മദര്‍ ഓഫ് മലബാര്‍ അവാർഡ് ഡോ. മേരി കളപ്പുരയ്ക്കലിന് വൈകിയെത്തിയ അംഗീകാരമാണെന്ന് ജോണി കുരുവിള അഭിപ്രായപ്പെട്ടു. ഈ അവാർഡ് ലോകത്തിലെ ആതുര സേവന മാതൃകയ്ക്കുള്ള പ്രത്യേക പുരസ്‌കാരം ആണ് എന്ന് അദ്ദേഹം പറഞ്ഞു.

50 വർഷത്തിലേറെയായി ഡോക്ടർ എന്ന നിലയിൽ മലബാറിലെ ആരോഗ്യ, സാമൂഹ്യ രംഗത്തും, സ്വാന്തന ചികിൽസ , ജീവകാരുണ്യ രംഗത്തും നൽകിയ നിസ്വാർഥ സേവനം കണക്കിലെടുത്താണ് അവാർഡ് നൽകുന്നത് . തിരുവനന്തപുരം കോവളം സോമതീരം റിസോർട്ടിൽ വച്ചു നടന്ന WMC ഇന്ത്യ റീജിയൻ ബൈനിയൽ കോൺഫറൻസിൽ വച്ച് മുൻ പ്രസിഡന്റ് ഷാജി എം മാത്യു ആയിരുന്നു അവാർഡ് പ്രഖ്യാപിച്ചത്.

അനശ്വരമായ മാനവ സേവന മാതൃകകൾക്ക് ഉയിരേകിയ ഒരു സമർപ്പിത ധന്യ ജീവിതത്തിന് ഉടമ ആയ ഡോ.മേരി കളപ്പുരയ്ക്കൽ ആധുനീക ലോകത്തിനു വലിയ മാതൃകയാണ്. അരനൂറ്റാണ്ട് കഴിഞ്ഞ തൻറെ ആതുര സേവന രംഗത്തെ നേട്ടങ്ങൾ ഒരു നാടിന്റെ ഉയർത്തെഴുന്നേൽപ്പിന് അവർ നല്കിയ ജീവരക്തം കൂടെയാണ് എന്ന് തിരിച്ചറിയുമ്പോഴാണ് എത്ര മഹനീയമാണ് ആ ജീവിതം എന്ന് തിരിച്ചറിയുക.
85 വയസ്സിന്റെ ആലസ്യം ഏതുമില്ലാതെ ആറു പതിറ്റാണ്ട് താണ്ടിയ ഈ സമർപ്പിത ജീവിതം നേരിട്ട് അറിയുന്നവർക്ക് ഇന്നും ആശ്ചര്യമായി മാറുന്നു.
സാമ്പത്തിക പരിമിതികളിൽ പെട്ട് നട്ടം തിരിഞ്ഞ അരനൂറ്റാണ്ട് മുമ്പ് ഒരു വനിത സ്വന്തം ജീവിത സമർപ്പണം വെറും സേവനത്തിലൂടെ മാത്രമല്ല ആശുപത്രികളും, ആതുരസേവന സംവിധാനങ്ങളും പടുത്തുയർത്താൻ നടത്തിയ നിശബ്ദ പ്രയത്‌നം വലിയ ആദരവ് അർഹിക്കുന്നു.
മലബാര്‍ ജനതയ്ക്ക് സ്വന്തം ജീവിത സമര്‍പ്പണത്തിലൂടെ ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാനും നാടിന്റെ വികസനത്തിനു സമഗ്രസംഭാവനകള്‍ നല്കാനും ഡോ. മേരി കളപ്പുരയ്ക്കലിന് സാധിച്ചുവെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ നിരീക്ഷിച്ചു. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഥമാംഗമായ ഡോ. മേരി കളപ്പുരയ്ക്കല്‍ കാരിത്താസ് പാലിയേറ്റീവ് കെയര്‍, പയ്യാവൂര്‍ മേഴ്‌സി ഹോസ്പിറ്റല്‍ എന്നിവയുടെ സ്ഥാപകയുമാണ്.