തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുല്‍, രഞ്ജിത്ത് എന്നിവര്‍ക്കു യൂത്ത് കോൺഗ്രസ് 5 ലക്ഷം രൂപ കൈമാറി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ എംഎൽഎയും ഷാഫി പറമ്പിൽ എംഎൽഎയും ചേർന്നാണ് പണം കൈമാറിയത്.

‘അവര്‍ക്ക് നഷ്ടപ്പെട്ടതിന് പകരമാവില്ല ആരും, ഒന്നും. ഞങ്ങളെ കൊണ്ടാവുന്ന ഒരു ചെറിയ ഉത്തരവാദിത്തം നിറവേറ്റി. കേരളത്തിന്റെ നോവായി മാറിയ രാഹുലിനും രഞ്ജിത്തിനും വീട് നിര്‍മാണത്തിലേക്കായി യൂത്ത് കോണ്‍ഗ്രസ് 5 ലക്ഷം രൂപ കൈമാറി’– ഷാഫി പറമ്പിൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

നേരത്തേ, രാഹുലിനും രഞ്ജിത്തിനും സ്ഥലവും വീടും ധനസഹായവും നല്‍കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനം എടുത്തിരുന്നു. രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കുമെന്നും സർക്കാർ അറിയിച്ചു.