ലോക്ഡൗണ്‍ കാലം ഇന്ത്യയില്‍ ഒന്നടങ്കം തരംഗമായ വെബ് സീരിസുകളിലൊന്നാണ് മണിഹീസ്റ്റ്. ലോകമെമ്പാടുമായി നിരവധി ആരാധകരുളള സ്പാനിഷ് സീരിസ് നെറ്റ്ഫഌക്സിലൂടെയായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. ലോക്ഡൗണില്‍ ഒടിടി പ്ലാറ്റ്ഫോം വഴി എറ്റവും കൂടുതല്‍ പേര് കണ്ട വെബ് സീരിസുകളില്‍ ഒന്നുകൂടിയായിരുന്നു മണിഹീസ്റ്റ്. അടുത്തിടെയായിരുന്നു വെബ് സീരിസിന്റെ നാലാം സീസണ് പുറത്തിറങ്ങിയത്.
മണിഹീസ്റ്റിന്റെ നാലാം ഭാഗത്തില്‍ പാക്കിസ്ഥാനില്‍ നിന്നുളള ഹാക്കര്‍മാരില്‍ ഒരാളെ അവതരിപ്പിച്ചിരിക്കുന്നത് അജയ് ജേതി എന്ന ഇന്ത്യന്‍ നടനാണ്. വെബ് സീരീസിലെ അജയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണീഹീസ്റ്റ് ഇന്ത്യയില്‍ ഇത്രയും വിജയമാകുമെന്നും താന്‍ ശ്രദ്ധിക്കപ്പെടുമെന്നും കരുതിയില്ലെന്ന് അജയ് ജേതി പറഞ്ഞിരുന്നു. നേരത്തെ ഏതാനും സിനിമകളില്‍ വേഷമിട്ടെങ്കിലും നടനെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.
അതേസമയം മണിഹീസ്റ്റിന് പിന്നാലെ ഒരു പോര്‍ച്ചുഗീസ് ടിവി സീരീസില്‍ കൂടി വേഷമിടാന്‍ ഒരുങ്ങുകയാണ് ഈ യുവനടന്. റസൂല്‍ ഖാന് എന്ന സൈനിക ജനറലിന്റെ കഥാപാത്രത്തെയാണ് നടന് അവതരിപ്പിക്കുന്നത്. 2017ലായിരുന്നു മണിഹീസ്റ്റ് ആരംഭിച്ചിരുന്നത്. സ്പാനിഷ് ഭാഷയില്‍ ലാ കാസ ഡി പാപ്പല്‍ എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ്വവര്ക്കിലൂടെയാണ് മണി ഹീസ്റ്റ് ആദ്യമായി പ്രേക്ഷകരിലേക്ക് എത്തിയത്. അന്ന് അഞ്ച് സീസണുകളിലായി ഒരുക്കിയ വെബ് സീരിസ് സ്പെയിനില്‍ പരാജയപ്പെട്ടിരുന്നു.
പിന്നീട് നെറ്റ്ഫഌക്സ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കിയപ്പോഴാണ് മണിഹീസ്റ്റ് ലോകമെമ്പാടുമായി തരംഗമായി മാറിയത്. ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തുന്നതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിന് കൊളളയടിക്കാന്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമായിരുന്നു മണിഹീസ്റ്റിന്റെ മൂന്ന്, നാല് സീസണുകളില്‍ കാണിച്ചിരുന്നത്. അതേസമയം മണിഹീസ്റ്റിന്റെ അഞ്ചാം ഭാഗത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. പത്ത് എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണിഹീസ്റ്റ് അവസാനിക്കുമെന്ന് നേരത്തെ നെറ്റ്ഫഌക്സ് അറിയിച്ചിരുന്നു.