ആഗ്രഹസാഫല്യത്തിനായി വഴിപാടു നേര്‍ന്ന് ഫലപ്രാപ്തിയെത്തുമ്പോഴാണ് സാധാരണയായി തുലാഭാരം നടത്തുന്നത്. പൂക്കള്‍, പഴങ്ങള്‍, ധാന്യം, സ്വര്‍ണ്ണം, തുടങ്ങിയ ദ്രവ്യങ്ങള്‍ തുലാഭാരത്തട്ടില്‍ ദേവതക്കായി അര്‍പ്പിക്കാം. വഴിപാടുനടത്തുന്ന ആളിനെ ഒരുതട്ടില്‍ ഇരുത്തി അയാളുടെ തൂക്കത്തിനു തുല്യമായ അളവിലുളള തുലാഭാരവസ്തുക്കള്‍ മറുതട്ടിലും വെച്ച് തുല്യതപ്പെടുത്തിയാണ് ചടങ്ങ് നടത്തുക.

വഴിപാടുനടത്തുന്ന ആളിന്റെ ഭാരത്തെക്കാള്‍ കുറവാകരുത് തുലാഭാരദ്രവ്യങ്ങള്‍ എന്നതാണ് ചിട്ട. ആഗ്രഹസാഫല്യത്തിനും രോഗശാന്തിക്കായും ദുരിതങ്ങള്‍ അകറ്റാനും തുലാഭാരം ഉത്തമം. കേരളത്തിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും തുലാഭാരം നടത്താറുണ്ട്. ഗുരുവായൂര്‍ക്ഷേത്രത്തിലെ തുലാഭാരച്ചടങ്ങ് പ്രസിദ്ധമാണ്. രാജ്യത്തിനകത്തും പുറത്തുനിന്നുമുളള പ്രമുഖവ്യക്തികള്‍ വിലപിടിപ്പുളള വസ്തുക്കള്‍ കൊണ്ട് തുലാഭാരം നടത്തുന്നതും ഗുരുവായൂരില്‍ പതിവാണ്.

പഞ്ചസാര, ശര്‍ക്കര, പൂവന്‍പഴം, കദളിപ്പഴം തുടങ്ങി ധാരാളം വസ്തുക്കള്‍ തുലാഭാരം നടത്താനായി ഉപയാഗിക്കാറുണ്ട്. തുലാഭാരം നടത്താന്‍ ഉദ്ദേശിക്കുന്ന വസ്തുക്കള്‍ വിവിധ ഫലങ്ങള്‍ നല്‍കുന്നു എന്നാണ് വിശ്വാസം. രോഗനിവാരണത്തിനായാണ് കദളിപ്പഴം കൊണ്ടുളള തുലാഭാരം നടത്തുന്നത്. ശര്‍ക്കരകൊണ്ടുളള തുലാഭാരം ഉദരരോഗങ്ങള്‍ക്കുളള പ്രതിവിധിയാണ്. ഇളനിരുകൊണ്ടുളള തുലാഭാരം മൂത്രാശയരോഗങ്ങള്‍ അകറ്റാനായി വഴിപാടാണ്. ത്വക്ക് രോഗങ്ങള്‍ അകറ്റാനായി ചേനയാണ് തുലാഭാരവസ്തു. ശനിദാഷ പരിഹാരമായി എളളുതിരികൊണ്ട് തുലാഭാരം നടത്തുന്നു.
നാണയങ്ങള്‍ ഹൃദയരോഗങ്ങള്‍ അകറ്റാനും ബിസനസ് ഉന്നമനത്തിനായും, ഉപ്പ് ദഹനപ്രശ്‌ന പരിഹാരമായും വഴിപാടു നടത്തുന്നു. കയര്‍, ആസ്തമക്കുളള പരിഹാരമാണ്. പൂവന്‍പഴം, സന്ധിവാതത്തിനുളള പരിഹാരമായും കുരുമുളക്, ചിക്കന്‍പോക്‌സിനെ പ്രതിരോധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ദാരിദ്ര്യശമനത്തിന് അവില്‍, നെല്ല് എന്നിവ. മാനസിക സമ്മര്‍ദ്ദംകുറക്കാനും ദീര്‍ഘായുസിനും മഞ്ചാടിക്കുരു. ദൃഷ്ടിദോഷം മാറാനും ഐശ്വര്യത്തിനും, ഉപ്പ്. ബുദ്ധിവികാസത്തിനും മാനസിക രോഗമുക്തിക്കും വാളന്‍പുളിയും നെല്ലിക്കയും. ആയുസ് വര്‍ദ്ധനക്കും ആത്മബലത്തിനും കര്‍മ്മലാഭത്തിനുമായി താമരപ്പൂവ് കൊണ്ടാണ് തുലാഭാരം നടത്തുന്നത്.
പുരാണങ്ങളും തുലാഭാരത്തിന്റെ മഹത്വത്തെപ്പറ്റി പറയുന്നുണ്ട്. മത്സ്യപുരാണപ്രകാരം മഹാദാനങ്ങളില്‍ പ്രധാനമായതാണ് തുലാഭാരം. തുലാപുരുഷ, തുലാദാന എന്നിപ്പേരുകളിലും ഈ ചടങ്ങ് പ്രാചീനഗ്രന്ഥങ്ങളില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. പഴയകാലംമുതലേ ചടങ്ങുനിലനിന്നിരുന്നു. ഭാരതത്തില്‍ പലയിടങ്ങളിലും രാജാക്കന്മാര്‍ തുലാഭാരമണ്ഡപങ്ങള്‍ തുലാഭാരം നടത്താനായി നിര്‍മ്മിച്ചിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. ഹിന്ദുരാജാക്കന്മാരെ അനുകരിച്ച് മുഗള്‍രാജാക്കന്മാരില്‍ ചിലരും ഈ ചടങ്ങ് പിന്‍തുടര്‍ന്നിരുന്നു. തുലാഭാരദ്രവ്യങ്ങള്‍ ദാനംചെയ്യുകയായിരുന്നു പതിവ്. അതുകൊണ്ടാണ് ചടങ്ങിനെ തുലാദാനം എന്നും പറയുന്നത്.