തിരുവനന്തപുരം; സ്ത്രീകളെ അധിക്ഷേപിച്ച യുട്യൂബര്‍ വിജയ് പി നായരെ കൈകാര്യം ചെയ്ത സംഭവത്തില്‍ നടി ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ പിസി ജോര്‍ജ്ജ് എംഎല്‍എ രംഗത്തെത്തിയിരുന്നു. വളരെ മോശമായ ഭാഷയില്‍ സ്ത്രീകള്‍ സംസാരിച്ചത് ശരിയായില്ല എന്നായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്. ഫെമിനിസത്തിന് വിലയില്ലേ? സ്ത്രീത്വത്തിന് വിലയില്ലേ?തെറി വിളിക്കുന്ന പെണ്‍കുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി.ചന്തപെണ്ണുങ്ങള്‍ പറയുമോ ഇത്രയും മോശമായി. സ്ത്രീകള്‍ക്ക് ചേര്‍ന്നതാണോ ഈ രീതികളൊക്കെയെന്നായിരുന്നു പിസി ജോര്‍ജ്ജ് ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചത്.

അതേസമയം ചന്തപ്പെണ്ണുങ്ങള്‍ എന്ന പിസിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡോ ജിനേഷ്. ചന്ത പെണ്ണുങ്ങള്‍ എന്നു പറയുമ്പോള്‍ പിസി ജോര്‍ജ്ജിന് എന്താണ് ഇത്ര പുച്ഛം എന്ന് ജിനേഷ് ഫേസ്ബുക്കില്‍ ചോദിക്കുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

സ്ത്രീകള്‍ തെറിവിളിക്കരുതെന്നും, സ്ത്രീകള്‍ ഇങ്ങനെയൊക്കെ പറയാമോ എന്നുമാണ് പിസി ജോര്‍ജ് മനോരമ ന്യൂസ് ചര്‍ച്ചയില്‍ ചോദിച്ചത്. പുള്ളിക്ക് ഇതില്‍ പേറ്റന്റ് ഉണ്ടോ എന്ന് ഇപ്പോള്‍ ചോദിക്കുന്നില്ല. മറ്റെല്ലാത്തിനേക്കാളും പുള്ളിയുടെ പ്രശ്‌നം ഭാഷയായിരുന്നു. ‘ചന്തപ്പെണ്ണുങ്ങളെ’ പോലെയാണ് അവര്‍ സംസാരിച്ചത് എന്നാണ് പി സി ജോര്‍ജ് പറഞ്ഞത്.
ചന്ത പെണ്ണുങ്ങള്‍ എന്നു പറയുമ്പോള്‍ പുള്ളിക്ക് എന്താണ് ഇത്ര പുച്ഛം ? ചന്ത പെണ്ണുങ്ങള്‍ എന്ന് പറഞ്ഞാല്‍ ചന്തയില്‍ ജോലി ചെയ്യുന്ന, ജോലി ചെയ്തിരുന്ന പെണ്ണുങ്ങള്‍. അവരുടെ ഭാഷയാണോ നിങ്ങള്‍ക്ക് അപമാനം ? അത് അവരുടെ സ്വന്തമായ ഭാഷയൊന്നുമല്ല. അവര്‍ സംവദിക്കുന്ന ആള്‍ക്കാരുടെ ഭാഷയാണ്. പെണ്ണുങ്ങള്‍ക്ക് മാത്രമായി അങ്ങനെ ഒരു ഭാഷയും ഇല്ല.
ആശയവിനിമയം ആണ് ഭാഷയുടെ ലക്ഷ്യം. അവരവര്‍ ഇടപെടുന്ന തലങ്ങളില്‍ സംവേദനക്ഷമത ഉറപ്പുവരുത്തുകയാണ് ഭാഷയുടെ ലക്ഷ്യം. അതില്‍ സ്ത്രീകള്‍ക്ക് മാത്രമായോ പുരുഷന്മാര്‍ക്ക് മാത്രമായോ പ്രത്യേക ഭാഷ ഒന്നുമില്ല. പക്ഷേ കുറ്റപ്പെടുത്തുമ്പോള്‍ ചന്ത പെണ്ണുങ്ങളുടെ ഭാഷ ! അതെന്താ ചന്തയിലെ പുരുഷന്മാര്‍ക്ക് ഭാഷയില്ലേ ? അത് ചിന്തിക്കുകയും ഇല്ല, പറയുകയുമില്ല. കാരണം സ്ത്രീവിരുദ്ധതയാണ് ഇത്തരം പരാമര്‍ശങ്ങളുടെ അടിസ്ഥാന കാരണം. ഈ പരാമര്‍ശം സ്ത്രീവിരുദ്ധത മാത്രമല്ല, തൊഴില്‍ വിരുദ്ധ പരാമര്‍ശം കൂടിയാണ്. ചന്തയില്‍ ജോലിചെയ്യുന്നവര്‍ മോശക്കാരാണ് എന്ന ചിന്താഗതി കൂടിയാണ് ഇവര്‍ വിളമ്പുന്നത്.
ഒരു കാര്യം മറക്കരുത്. സമൂഹം മുന്നോട്ടു പോകുന്നത് പുരുഷ മേധാവിത്വത്തിന് കീഴടങ്ങുന്ന കുല സ്ത്രീകളുടെ മഹിമ പറച്ചിലിലൂടെ അല്ല. പകരം അധ്വാനിച്ച് ജീവിക്കുന്ന സാധാരണക്കാരായ സ്ത്രീകളുടെ കരുത്തിലാണ്. നിങ്ങളൊക്കെ പ്രതീക്ഷിക്കുന്ന കുല സ്ത്രീകളേക്കാള്‍ എത്രയോ മുകളിലാണ് നിങ്ങള്‍ ഇവിടെ പരാമര്‍ശിച്ച ചന്തയില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ സ്ഥാനം.
പിസി ജോര്‍ജ് ഒരാള്‍ മാത്രമല്ല ഇത്തരം സ്ത്രീ വര്‍ഗ്ഗ അധിക്ഷേപം നടത്തുന്നത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കയ്യടിക്കുന്ന, സന്തോഷിക്കുന്ന ഊളകളും ആ കൂട്ടത്തില്‍ തന്നെ വരും. സ്ത്രീയും പുരുഷനും എല്ലാ ജോലികളും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള സാമൂഹിക ക്രമത്തെ കുറിച്ച് യാതൊരു ബോധവുമില്ലാത്ത, ലോകം കാണാത്ത കൂപമണ്ഡൂകങ്ങളെ പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ല.
എങ്കിലും ഇത്രയെങ്കിലും പറയാതിരിക്കാനാവില്ല. കാരണം കേരളത്തിലെ ഒരു പ്രധാന ന്യൂസ് ചാനലില്‍ ‘ചന്ത പെണ്ണുങ്ങള്‍’ എന്ന പോലെയുള്ള വളരെ മോശം പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത് ഒരു ജനപ്രതിനിധി ആണ്. ഇത് പോലുള്ള സ്ത്രീവിരുദ്ധ, തൊഴില്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ ഔദ്യോഗിക സ്ഥാനം പോലും നഷ്ടപ്പെടുന്ന സ്ഥലങ്ങളുണ്ട് ഒരു കാര്യം നിങ്ങള്‍ മറക്കരുത്. ആത്മാഭിമാനത്തോടെ ജോലി ചെയ്ത് അധ്യാനിച്ച് ജീവിക്കുന്ന സ്ത്രീകളും നിങ്ങള്‍ക്ക് വോട്ടുചെയ്തവരുടെ കൂട്ടത്തിലുണ്ടാകും. അവരെ അപമാനിക്കരുത്.