ബാലസോർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അതിവേഗ ഉപരിതല മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് നാല് ദിവസത്തിനുള്ളിൽ രണ്ടാം തവണയാണ് ഇന്ത്യ തങ്ങളുടെ ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ (ക്യുആർഎസ്‌എം) സംവിധാനം വിജയകരമായി പരീക്ഷിച്ചത്. പരീക്ഷണ ഘട്ടത്തിൽ മിസൈൽ ലക്ഷ്യസ്ഥാനത്ത് പതിച്ചതായി അധികൃതർ വ്യക്തമാക്കി. ഉച്ചകഴിഞ്ഞ് 3.42 ഓടെയാണ് പരീക്ഷണം നടത്തിയത്.

കരസേനയിൽ നിന്നുള്ള ഉപയോക്താക്കളുടെ സാന്നിധ്യത്തിലാണ് വിക്ഷേപണം നടത്തിയത്. വിജയകരമായ അതിവേഗ ഉപരിതല മിസൈൽ പരീക്ഷണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിആർഡിഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.
