ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം രാജ്യത്താകെ വന്‍ തിരിച്ചടി നേരിടുകയായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി. സാമ്പത്തിക രംഗത്തെ തകര്‍ച്ചയും അതിര്‍ത്തി പ്രശ്‌നങ്ങളും അടക്കമുളളവ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കെതിരെ ശക്തമായ രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല.

ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം വന്‍ പ്രക്ഷോഭമാക്കി മാറ്റാനുളള നീക്കത്തിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ യുപി പോലീസ് കൈകാര്യം ചെയ്ത സംഭവം കൂടി നടന്നതോടെ കോണ്‍ഗ്രസ് വര്‍ധിത വീര്യത്തോടെ കളത്തില്‍ ഇറങ്ങുകയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളെ നിലംപരിശാക്കിയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലേറിയത്. 2022ല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള നീക്കങ്ങളിലാണ് കോണ്‍ഗ്രസ്.
ഉത്തര്‍ പ്രദേശിലെ ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്ക് നേരെയുളള തുടര്‍ച്ചയായ കുറ്റകൃത്യങ്ങളും പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ ശക്തമായി തന്നെ ഉപയോഗിക്കുന്നുണ്ട്. ദളിത് പെണ്‍കുട്ടി ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗിയുടെ രാജിയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടത്തിയ യാത്ര പോലീസ് വഴിയില്‍ തടഞ്ഞു. ഹത്രാസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് വ്യക്തമാക്കിയാണ് യുപി പോലീസ് യാത്ര തടഞ്ഞത്. യാത്ര തുടരാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിക്ക് നേരെ യുപി പോലീസിന്റെ കയ്യേറ്റ ശ്രമവും ഉണ്ടായി.
പോലീസുമായുളള പിടിവലിക്കിടെ രാഹുല്‍ നിലത്ത് വീണു. പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തുവെന്നും തന്നെ തളളി നിലത്തിട്ടുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. യുപി പോലീസ് കസ്റ്റഡിയിലെടുത്ത ഇരുനേതാക്കളേയും ദില്ലിയിലേക്ക് തിരിച്ച് അയച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും പോലീസ് കൈകാര്യം ചെയ്തതിന് എതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ശ്രമിച്ചതിനും നീതി ആവശ്യപ്പെട്ടതിനുമാണ് രാഹുലിനേയും പ്രിയങ്കയേയും യുപി പോലീസ് അറസ്റ്റ് ചെയ്തത് എന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ട്വിറ്ററില്‍ കുറിച്ചു. എല്ലാ സംസ്ഥാന കോണ്‍ഗ്രസ് ഘടകങ്ങളും പ്രവര്‍ത്തകരും രാഹുലിനും പ്രിയങ്കയ്ക്കും എതിരെയുളള പോലീസ് നടപടിയില്‍ പ്രതിഷേധിക്കാനും വേണുഗോപാല്‍ ആഹ്വാനം ചെയ്തു.
കെ.സി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…
”ഉത്തര്‍പ്രദേശില്‍ ജനാധിപത്യം വീണ്ടും വീണ്ടും കൊല്ലപ്പെടുകയാണ്. ഒരു ദളിത് പെണ്‍കുട്ടിയെ പിച്ചിചീന്തി കൊലപ്പെടുത്തിയ യുപിയില്‍ ആ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധിയെ പോലീസ് മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് തള്ളി വീഴ്ത്തുകയും ചെയ്തു. പ്രിയങ്കാ ഗാന്ധിയടക്കമുള്ള ഞങ്ങളുടെ സംഘത്തെ നിരന്തരം തടസ്സപ്പെടുത്തുകയാണ് പോലീസ് ചെയ്തത്. രാഹുല്‍ ഗാന്ധിക്കെതിരേ നടന്ന ഈ ആക്രമണത്തിനെതിരേ രാജ്യമൊട്ടാകെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതിഷേധിക്കണം. ഞങ്ങളുടെ ഒപ്പം നടന്ന പ്രവര്‍ത്തകരെ പോലും പോലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ്ജ് ചെയ്തു. രാഹുല്‍ജിയേയും പ്രിയങ്കാ ഗാന്ധിയേയും ഞങ്ങളുള്‍പ്പെടെയുള്ളവരെയും ഇപ്പോള്‍ അറസ്റ്റ് ചെയ്ത് യാത്ര തടസ്സപ്പെടുത്തിയിരിക്കുകയാണ് യുപി സര്‍ക്കാര്‍. ജനാധിപത്യ വ്യവസ്ഥക്കു തന്നെ അപമാനമാണ് യോഗിയുടെ ബി ജെ പി സര്‍ക്കാരിന്റെ ഈ നടപടി. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ഈ നടപടിക്കെതിരേ ശക്തമായി പ്രതിഷേധിക്കുക…”