തിരുവനന്തപുരം: കെ.പി.സി.സി മുന്‍ പ്രസിഡന്റും മുന്‍മന്ത്രിയുമായ എം.എം ഹസനെ യു.ഡി.എഫ് കണ്‍വീനറായി പ്രഖ്യാപിച്ചു. ബെന്നി ബഹ്നാന്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. സെപ്റ്റംബര്‍ 27നാണ് ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചത്. കണ്‍വീനര്‍ സ്ഥനത്തേയ്ക്ക് എം.എം ഹസനെ പരിഗണിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറെ രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബെന്നി ബഹനാന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. കണ്‍വീനര്‍ സ്ഥാനത്ത് എം.എം ഹസന്‍ വരട്ടേയെന്ന നിര്‍ദ്ദേശം എ ഗ്രൂപ്പ് നേതാക്കളാണ് മുന്നോട്ടു വച്ചത്. ഇതനിടെ ബെന്നി ബഹനാന്‍ ഐ ഗ്രൂപ്പുമായി അടുക്കുന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് ബെന്നി ബഹനാന്‍ രാജി പ്രഖ്യാപിച്ചത്.

എം.എം ഹസന്‍ 1947 മേയ് 14ന് തിരുവനന്തപുരത്ത് ജനിച്ചു. കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ വഴി രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച ഹസന്‍ യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരള യൂണിവേഴ്‌സിറ്റി യൂണിയന്റെ സെനറ്റ് മെമ്പറും ചെയര്‍മാനുമായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴക്കൂട്ടം നിയമസഭാമണ്ഡലത്തില്‍ നിന്നും ആറാം കേരള നിയമസഭയിലേക്കും (1980), ഏഴാം കേരള നിയമസഭയിലേക്കും (1982) ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1987ല്‍ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 1991ല്‍ ഇവിടെ നടന്ന ഒന്‍പതാം നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2017 മാര്‍ച്ച് 25നാണ് കെ.പി.സി.സി പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപെട്ടത്. എ.കെ റാഹിയയാണ് ഭാര്യ. ഒരു മകളുണ്ട്.