തൃശൂര്‍: മലയാളികളുടെ ഇഷ്ട ഗായകനായ എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. റിയാലിറ്റി ഷോയില്‍ അര്‍ഹനായ മല്‍സരാര്‍ഥിയെ തഴഞ്ഞു എന്ന് ആരോപിച്ച് ചിലര്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തി എന്ന് പരാതിയില്‍ പറയുന്നു. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

സ്വകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം. നാലാം സ്ഥാനം ലഭിക്കേണ്ടിയിരുന്ന മല്‍സരാര്‍ഥിയെ തഴഞ്ഞ് മറ്റൊരു മല്‍സരാര്‍ഥിക്ക് സമ്മാനമം നല്‍കി എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് തൃശൂരിലെ ചില വിദ്യാര്‍ഥികള്‍ യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തു. യുട്യൂബ് ചാനലില്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തി എന്ന് കാണിച്ച് എം.ജി ശ്രീകുമാര്‍ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഡിജിപി പരാതി തൃശൂര്‍ എസ്.പിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചതും ചേര്‍പ്പ് പോലീസ് മൂന്ന് വിദ്യാര്‍ഥിക്കെതിരെ കേസെടുത്തതും.

പാറളം പഞ്ചായത്തിലെ ചില വിദ്യാര്‍ഥികളാണ് യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് വീഡിയോ എന്ന് ശ്രീകുമാര്‍ പറയുന്നു. ഈ വീഡിയോ ഇപ്പോള്‍ യു ട്യൂബില്‍ ലഭ്യമല്ല. വിദ്യാര്‍ഥികള്‍ ഇത് നീക്കം ചെയ്തുവെന്നാണ് വിവരം. കോഴിക്കോടുള്ള കുട്ടിക്കാണ് നാലാം സ്ഥാനം കിട്ടേണ്ടിയിരുന്നത് എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഈ കുട്ടിയെ കാണാന്‍ വിദ്യാര്‍ഥികള്‍ പോയിരുന്നുവത്രെ. എന്നാല്‍ പരാതിയില്ലെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞത്. ഇതോടെ യു ട്യൂബിലെ വീഡിയോ വിദ്യാര്‍ഥികള്‍ പിന്‍വലിക്കുകയും മാപ്പ് പറഞ്ഞുള്ള മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ ആദ്യത്തെ വീഡോയ 5 ലക്ഷത്തിലധികം പേര്‍ കണ്ട പശ്ചാത്തലത്തിലാണ് ശ്രീകുമാര്‍ പരാതി നല്‍കിയത്.