കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ വാശിയും വീറുമേറിയ പോരാട്ടമാണ് തദ്ദേശതിരഞ്ഞെടുപ്പില്‍ കോട്ടയത്തെ ഭൂരിപക്ഷം വാര്‍ഡുകളിലും നടക്കുന്നത്. ജോസിന്റെ മുന്നണി മാറ്റം എത്രത്തോളം സ്വാധീനം ചെലുത്തും എന്ന് അറിയാനുള്ള ആദ്യ പരീക്ഷണ ശാലയാണ് തദ്ദേശ തിരഞ്ഞെടുപ്പ്. ജോസ് കെ മാണിയേയും കൂട്ടരേയും സംബന്ധിച്ച് തങ്ങളുടെ ശക്തി എത്രത്തോളം എന്ന് തെളിയിക്കേണ്ടതാണ് അവരുടെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ അവകാശ വാദങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം നിര്‍ണ്ണായകമാണ്.

പാര്‍ട്ടിയുടെ ശക്തി സംബന്ധിച്ച് ഇടതുമുന്നണിയിലെ തന്നെ ഘടകക്ഷികളായ സിപിഐയും എന്‍സിപിയും തന്നെ സംശയങ്ങളും ആരോപണങ്ങളും ഉന്നയിച്ചിരിക്കുന്നതിനാല്‍ അവരെ കൂടി കോട്ടയം ജില്ലിയിലെ തങ്ങളുടെ സ്വാധീനം ബോധ്യപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്തം കൂടി കേരള കോണ്‍ഗ്രസിനുണ്ട്. ചിഹ്നം സംബന്ധിച്ച തര്‍ക്കത്തില്‍ കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായതും ജോസും കൂട്ടരും ആശ്വാസമായി കാണുന്നു.

അതേസമയം, മറുവശത്ത് കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് പോയത് തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസും പിജെ ജോസഫും അവകാശപ്പെടുന്നത്. കോട്ടയത്തെ ശക്തര്‍ ആരെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബോധ്യപ്പെടുമെന്നും അവര്‍ പറയുന്നു. ശക്തി തെളിയിക്കാന്‍ ജോസ് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താനുള്ള ഒരു അവസരവും മുതലെടുക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്.
ഈ ശ്രമത്തിന്റെ ഭാഗമായാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന എന്‍സിപി നേതാവായ ഇടത് വിമതന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചത്. എലിക്കുളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുന്ന എന്‍സിപി പാലാ ബ്ലോക്ക് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാടിനാണ് യുഡിഎഫ് പിന്തുണ നല്‍കിയിരിക്കുന്നത്.
ഇത് സംബന്ധിച്ച പരസ്യ പ്രസ്താവനയും യുഡിഎഫ് പുറത്തിറക്കിയിട്ടുണ്ട്. രണ്ടാംവാര്‍ഡിലെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ വികസനമുരടിപ്പും കണക്കിലെടുത്ത് വാര്‍ഡിലെ പൊതുസമൂഹം സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്ന ശ്രീ മാത്യൂസ് പെരുമനങ്ങാടിനെ പിന്തുണയ്ക്കണമെന്ന് ആ വാര്‍ഡിലെ വിവിധ സാമുഹ്യ, സംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ളവര്‍ ആവശ്യപ്പെടുകയും അവരുടെ പിന്തുണ യുഡിഎഫ് പരിഗണിക്കുകയും ചെയ്തുവെന്നാണ് യുഡിഎഫ് പ്രസ്താവനയില്‍ പറയുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ മാത്യൂസ് പെരുമനങ്ങാട് പൊതുജനത്തിന് ഉപകാരപ്രദമായ നിരവധി സേവന പ്രവര്‍ത്തനങ്ങളും പൊതുജന വികാരവും കണക്കിലെടുത്തുമാണ് ഇത്തരമൊരു തീരുമാനമെന്നും യുഡിഎഫ്.എലിക്കുളം മണ്ഡലം കമ്മറ്റി ചെയര്‍മാര്‍ ജോഷി കുഴിക്കാട്ടുതാഴെയും കണ്‍വീനര്‍ തോമാച്ചന്‍ പാലക്കുടിയും അറിയിച്ചു.
പഞ്ചായത്തിലെ സീറ്റ് വിതരണം സംബന്ധിച്ച് നേരത്തെ ഇടതുമുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസിന് വേണ്ടി തങ്ങളുടെ സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വന്നിട്ടും ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നാണ് എന്‍സിപിയുടെ പരാതി. എന്‍സിപിയുടെ കയ്യിലുണ്ടായിരുന്ന നാലാം വാര്‍ഡ് വിട്ടുകൊടുത്തിട്ടും തങ്ങള്‍ ആവശ്യപ്പെട്ട രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് ജോസ് വിഭാഗം സിറ്റിംഗ് സീറ്റെന്ന വാദം ഉന്നയിച്ച് കൈയ്യടക്കിയെന്നാണ് അവരുടെ ആരോപണം.
ഇതിന് പിന്നാലെയാണ് നാലാം വാര്‍ഡിലെ അംഗവും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ മാത്യൂസ് പെരുമനങ്ങാട് രണ്ടാം വാര്‍ഡില്‍ വിമതനായി മത്സരം രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുകയാണ് ഇവിടുത്തെ ഇടതു സ്ഥാനാര്‍ത്ഥി. എന്‍സിപി നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് ഇവിടെ മാത്യൂസ് മത്സരിക്കുന്നത്.
എലിക്കുളത്തെ യുഡിഎഫ് പിന്തുണ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയും ആയിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ ഇടത് പ്രവേശനത്തിന് പിന്നാലെ പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപിക്ക് ആശങ്കയുണ്ട്. പാലാ തങ്ങളുടെ ഹൃദയ വികാരമാണെന്ന് കേരള കോണ്‍ഗ്രസുകരാര്‍ പറയുമ്പോള്‍ എന്ത് വന്നാലും സിറ്റിങ് സീറ്റ് വിട്ട് കൊടുക്കില്ലെന്നാണ് എന്‍സിപിയുടെ നിലപാട്.
പാലാ സീറ്റ് വിവാദം കത്തി നില്‍ക്കെ എന്‍സിപി യുഡിഎഫിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. മാണി സി കാപ്പന്‍ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുകയും ചെയ്തു. പിന്നീട് മാണി സി കാപ്പന്‍ അത് നിരസിച്ചെങ്കിലും പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്‍സിപിയുടെ യുഡിഎഫിലേക്കുള്ള വരവിന്റെ ആദ്യപടിയാവുമോ എലിക്കുളത്തെ പിന്തുണയെന്ന തരത്തിലാണ് കോട്ടയം ജില്ലയിലെ ചര്‍ച്ച.